50 ശതമാനം വി.വി പാറ്റ് എണ്ണണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം സുപ്രിംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇ.വി.എം) ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വീണ്ടും പ്രതിപക്ഷ കക്ഷികള്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളാണ് വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചത്. 50 ശതമാനം വി.വി പാറ്റ് റസീതുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രിംകോടതിയെ സമീപിക്കും ഇവര്‍ അറിയിച്ചു.
ജര്‍മനി, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ ആധുനിക രാജ്യങ്ങള്‍ പോലും ബാലറ്റ് പേപ്പറില്‍ തന്നെയാണ് വോട്ടു ചെയ്യുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നായിഡു പറഞ്ഞു. പേപ്പറിലൂടെ മാത്രമാണ് വോട്ടറുടെ വിശ്വാസ്യത സംരക്ഷിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 11ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടന്നെന്ന ആരോപണവുമായി നായിഡു രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷമായ ഭാഷയിലാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്.
ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് സിങ്വി തുടങ്ങിയവര്‍ സംബന്ധിച്ചു.
എക്സ് പാര്‍ട്ടിക്ക് വോട്ടിട്ടാണ് വൈ പാര്‍ട്ടിക്കാണ് വോട്ട് പോകുന്നതെന്ന് അഭിഷേക് സിങ്വി പറഞ്ഞു. ഏഴു സെക്കന്റിനു പകരം മൂന്നു സെക്കന്റ് മാത്രമാണ് വി.വി പാറ്റ് ദൃശ്യമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."