ജനറേഷന്‍ അമേസിങ് പരിശീലന ലോഞ്ചിങ്
മുക്കം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിങ്ങിന്റെ സൗത്ത് ഇന്ത്യയിലെ ലോഞ്ചിങ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ റോഡില്‍ മുക്കം സബ് ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷ് നിര്‍വഹിച്ചു.
ഫുട്‌ബോളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ സാമൂഹിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉതകുന്ന പരിപാടികളാണ് പദ്ധതിയിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. എല്ലാ തലത്തിലുമുള്ള ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ബ്രസീല്‍, ജോര്‍ദാന്‍, ലബനാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗത്ത് ആഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളില്‍ നടപ്പിലാക്കിയ പദ്ധതി ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോതമ്പ റോഡില്‍ പരിപാടി സംഘടിപ്പിച്ചത്. ഖത്തര്‍ ലോകകപ്പ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സഹകരണത്തോടെ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് പരിപാടി ഒരുക്കിയത്.
തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കും എട്ടു പരിശീലകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. ചടങ്ങില്‍ ബാവ പവര്‍ വേള്‍ഡ് അധ്യക്ഷനായി. മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു മുഖ്യാതിഥിയായി. സി.പി സക്കീര്‍ ഹുസൈന്‍, ലൗ ഷോര്‍ ഡയരക്ടര്‍ യു.എ മുനീര്‍, മജീദ് പുള്ളിക്കല്‍, പി. സത്താര്‍ മാസ്റ്റര്‍, ജനറേഷന്‍ അമേസിങ് വര്‍ക്കേഴ്‌സ് അംബാസഡര്‍മാരായ സി.പി സാദിഖ് റഹ്മാന്‍, നാജിഹ് കുനിയില്‍, ശിഹാബുല്‍ ഹഖ് സംസാരിച്ചു.
സാലിം ജീറോഡ് സ്വാഗതവും അശ്മില്‍ കുടത്തില്‍ നന്ദിയും പറഞ്ഞു. കോച്ചുമാരായ സല്‍ജാസ് കൊടിയത്തൂര്‍, ഷിഹാബ്, അന്‍സില്‍ റഹ്മാന്‍, അഫി, അഫ്‌ലഹ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."