പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കൊല; മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍
വിട്ട്ള: കര്‍ണാടക കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ ജലീലിനെ പട്ടാപ്പകല്‍ പഞ്ചായത്ത് ഓഫിസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ പൊലിസ് പിടിയിലായി. ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലിസ് പുറത്തു വിട്ടിട്ടില്ല.
പിടിയിലായവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഉപ്പള സ്വദേശി അടക്കം മറ്റു മൂന്നു പേര്‍ക്ക് വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഈ മാസം 20ന് രാവിലെ പതിനൊന്നോടെയാണ് കറുവപ്പാടി പഞ്ചായത്ത് ഓഫിസില്‍ കയറി അബ്ദുല്‍ ജലീലിനെ അക്രമികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളില്‍ എത്തിയ സംഘമാണ് കോല നടത്തിയത്.
ഇവര്‍ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ബൈക്കുകളും കൊലക്കുപയോഗിച്ചതെന്നു കരുതുന്ന കൊടുവാളുകളും ചോര പുരണ്ട വസ്ത്രങ്ങളും ഉപ്പള ബായാറിനു സമീപത്തു കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇവ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും തുടര്‍ അന്വേഷണത്തില്‍ വാഹനങ്ങളും മറ്റും ഉപേക്ഷിച്ചതു അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ലക്ഷ്യമിട്ടാണെന്നു പൊലിസ് കരുതുന്നു.
ആറുപേര്‍ ചേര്‍ന്നാണ് അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയതെന്നു പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേരെയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നു മറ്റു മൂന്നു പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു.
സംഭവത്തില്‍ പിടികൂടാനുള്ള മൂന്നു പേരില്‍ ഒരാള്‍ കാസര്‍കോട് ഉപ്പള സ്വദേശിയാണെന്ന സൂചനയാണ് പൊലിസ് നല്‍കുന്നത്. അതേസമയം കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിന്റെ വീടു സന്ദര്‍ശിച്ചു മടങ്ങിയ കര്‍ണ്ണാടക മന്ത്രി രാമനാഥ റൈയെ ജനക്കൂട്ടം തടഞ്ഞു. കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് കറുവപ്പാടിയില്‍ മന്ത്രിയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു പ്രതിഷേധിച്ചത്.
ഇതേത്തുടര്‍ന്ന് മന്ത്രി, മംഗളൂരു എസ്.പിയുമായി ഫോണില്‍ ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു. മൂന്നു പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും മറ്റു പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണെന്നും എസ്.പി മന്ത്രിയെ അറിയിക്കുകയും മന്ത്രി ഇക്കാര്യം പ്രതിഷേധക്കാരെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ മന്ത്രിയുടെ വാഹനത്തെ പോകാന്‍ അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."