താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുകളില്‍ ആല്‍മരം കടപുഴകി വീണു
താമരശ്ശേരി: ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിലെ കൂറ്റന്‍ ആല്‍മരം കടപുഴകി ആശുപത്രി കെട്ടിടത്തിനു മീതെ പതിച്ചു. ഫാര്‍മസി ഒ.പി കെട്ടിടങ്ങള്‍ക്കു മുകളിലേക്കാണ് ആല്‍മരം പതിച്ചത്. കെട്ടിടത്തിനു കേടുപാടുകള്‍ പറ്റി. ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കാണു കേടുപാടുകള്‍ സംഭവിച്ചത്. ശക്തമായ കാറ്റില്‍ മാതൃശിശു ബ്ലോക്കിനു മുകളിലെ മേല്‍ക്കൂര തകരുകയും ഷീറ്റുകള്‍ പറന്നുപോവുകയും ചെയ്തു. ഈ സമയം പ്രസവത്തിനെത്തിയ പത്തോളം ഗര്‍ഭിണികള്‍ വാര്‍ഡിലും നവജാത ശിശുക്കളുടെ വാര്‍ഡില്‍ പത്തോളം പേരും ഉണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇതേസമയം തന്നെയാണ് ആശുപത്രി വളപ്പിലെ ആല്‍മരം പതിയെ ഒ.പി കെട്ടിടത്തിനും ഫാര്‍മസിക്കും മുകളിലേക്കും പതിച്ചത്. ഈ കെട്ടിടത്തില്‍ ആളുകള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.
ജില്ലാ പഞ്ചായത്തിന്റെ ഏഴര ലക്ഷം രൂപ ചെലവഴിച്ച് ഉദ്ഘാടനം ചെയ്യാനിരുന്ന ഫാര്‍മസി കെട്ടിടത്തിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കാറ്റിന്റെ തീവ്രതയില്‍ ഷീറ്റുകള്‍ പറന്ന് സമീപത്തെ മരങ്ങള്‍ക്കു മുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും പതിച്ച നിലയിലാണ്. മുക്കത്തുനിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."