അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനി 'ചെറി ബൂമര്‍' പിടിയില്‍
കൊച്ചി: കേരളത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി 'ചെറി ബൂമര്‍' എന്ന് വിളിപ്പേരുള്ള ഒഡിഷ സ്വദേശി സൂര്യസണ് സേത്ത് (27) 110 ഗ്രാം ഹാഷിഷ് ഓയിലുമായി ആലുവ റേഞ്ച് എക്സൈസ് അധികൃതരുടെ പിടിയിലായി. ഒഡിഷയിലെ കട്ടക്കില്‍ നിന്നുമാണ് ഇയാള്‍ മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നത്. മുന്‍കൂട്ടി നല്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് ആവശ്യക്കാര്‍ക്ക് മയക്ക്മരുന്നുകള്‍ എത്തിച്ചിരുന്നത്. കേരളത്തില്‍ ട്രെയിനുകളിലെ പരിശോധന കര്‍ശനമാക്കിയതിനാല്‍ കട്ടക്കില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്ന് ബസില്‍ ആണ് ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നത്.
'ചെറി ബൂമര്‍ ' എന്നറിയപ്പെടുന്ന ഇയാളുടെ മയക്കുമരുന്നുകള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ ഏറെയാണ്. മായം ചേര്‍ക്കാത്ത മയക്കുമരുന്നുകളാണ് ഇയാള്‍ വില്പന നടത്തുന്നതെന്നും അതിനാലാണ് ഡിമാന്റ് കൂടാന്‍ കാരണമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. കട്ടക്ക് ടൗണിലെ 'അലിഗര്‍ ദാദ' എന്നയാളില്‍ നിന്നുമാണ് ഇയാള്‍ മൊത്തമായി ഹാഷിഷ് ഓയില്‍ വാങ്ങുന്നതെന്നും ഇതിന് മുന്‍പ് പല തവണ കേരളത്തില്‍ വിവിധ ഇടങ്ങളിലായി കഞ്ചാവും ഹാഷിഷ് ഓയിലും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി അറിയിച്ചു.
പാലക്കാട്ടും തൃശൂരും ആവശ്യക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ നല്കിയ ശേഷം കൊച്ചി പനമ്പിള്ളി നഗറില്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നതിന് വേണ്ടി ഇടനിലക്കാരനായ 'ഇക്ക' എന്നയാളെ തിരക്കി ഇയാള്‍ ആലുവ ചൂണ്ടി എന്ന സ്ഥലത്ത് വരുന്നുണ്ടെന്ന് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ടീം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 'ചെറി ബൂമര്‍' എന്ന ലേബലില്‍ വില്‍ക്കുന്ന ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപയാണ് ഇയാള്‍ ഈടാക്കുന്നത്. പ്രിവന്റീവ് ഓഫിസര്‍മാരായ വാസുദേവന്‍, സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍.ഡി ടോമി, എന്‍.ജി അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."