ടാര്‍ ചെയ്യുംവരെ കാത്തുനിന്നു: ടാര്‍ ചെയ്തതോടെ റോഡ് കുത്തിപൊളിച്ചു
കല്‍പ്പറ്റ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റീടാര്‍ ചെയ്ത് റോഡ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടുന്നതിനായി കുത്തിപൊളിച്ചു.
സുല്‍ത്താന്‍ ബത്തേരി വടക്കനാട് റോഡില്‍ കുപ്പാടി വേങ്ങശ്ശേരി ഇറക്കത്തിലാണ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തി പൊളിച്ചത്. ഒരുപാട് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സുല്‍ത്താന്‍ ബത്തേരി വടക്കനാട് റോഡില്‍ കുപ്പാടി മുതല്‍ പഴേരി വരെ ശോചനീയമായ റോഡ് റീടാര്‍ ചെയ്ത് ഗതാഗതം സുഗമമാക്കിയത്. എന്നാല്‍ പണി പൂര്‍ത്തിയാക്കി ആറു മാസം തികയുന്നതിന് മുന്‍പ് തന്നെ വാട്ടര്‍ അതോറിറ്റി അവരുടെ പൈപ്പിടുന്നതിനായി റോഡ് വീണ്ടും കുത്തിപൊളിക്കുകയായിരുന്നു. പൈപ്പിടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിടത്ത് കുറഞ്ഞ ചിലവില്‍ കോണ്‍ക്രീറ്റിട്ടാല്‍ പഴയ നിലയിലേക്ക് റോഡ് മാറുമെന്നിരിക്കെയാണ് വാട്ടര്‍ അതോറിറ്റിയുടെ ഈ പ്രവൃത്തി. റോഡിന്റെ അവസ്ഥ പറഞ്ഞ് വാട്ടര്‍ അതോറിറ്റിയില്‍ വിളിച്ചപ്പോള്‍ ഫണ്ടില്ലന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു. പൊതു റോഡുകള്‍ കുത്തി പൊളിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വേണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് മുനിസിപ്പാലിറ്റിയുടെ അനുമതി പോലുമില്ലാതെ വാട്ടര്‍ അതോറിറ്റി ഇത് ചെയ്തത്. എത്രയും വേഗത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും റോഡ് കുത്തിപ്പൊളിച്ചിടത്ത് കോണ്‍ക്രീറ്റ് ചെയ്ത് കുഴിയടക്കണമെന്നതുമാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."