ഹമദ് മോര്‍ച്ചറി ജീവനക്കാരനായ മേപ്പയൂര്‍ സ്വദേശി നിര്യാതനായി
ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മോര്‍ച്ചറി വിഭാഗത്തില്‍ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന കോഴിക്കോട് മേപ്പയൂര്‍ എടത്തില്‍ മുക്കില്‍ ന്യൂ കമ്മന പി.കെ അബ്ദുല്‍ അസീസ്(58) നിര്യാതനായി. പുലര്‍ച്ചെ ഹൃദയാഘാതം മൂലമായിരുന്നു മരണം.
ഭാര്യ: സുബൈദ. മക്കള്‍: ഡോ. അബ്്ദുല്‍ ബാസിത്ത്(കോഴിക്കോട് മെട്രോ ഹോസ്പിറ്റല്‍), അബ്ദുല്‍ ഫത്താഹ്(നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി). ഉമ്മ: ഖദീജ ഹജ്ജുമ്മ. പിതാവ്: ഇബ്്‌റാഹിം ഹാജി മാസ്റ്റര്‍(പരേതന്‍) മരുമക്കള്‍: റിസാന. സഹോദരങ്ങള്‍: മൂസ മുസ്്‌ലിയാര്‍(പരേതന്‍), ഹസ്സന്‍ , അബ്്ദുല്ല, ഉമ്മര്‍, സഫിയ, മൈമൂന, റംല.
1982ല്‍ ദോഹയിലെത്തിയ അബ്്ദുല്‍ അസീസ് അധികം വൈകാതെ തന്നെ അന്നത്തെ റുമൈല ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്്‌ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മേപ്പയൂര്‍ സലഫി കോളജ് ഖത്തര്‍ കമ്മിറ്റിയില്‍ സ്ഥാപക കാലം മുതല്‍ പ്രധാന സാരഥിയാണ്. കീഴ്പ്പയൂര്‍ മഹല്ല് ഖത്തര്‍ കമ്മിറ്റി വൈസ് പ്രസി ഡന്റ്, ജനകീയ മുക്ക് മഹല്ല് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടു പോകുന്ന മയ്യിത്ത് കീഴ്പ്പയൂര്‍ ജുമാ മസ്്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.
അകാലത്തിലുള്ള വേര്‍പാട് ആദരവ് ഏറ്റു വാങ്ങാനിരിക്കേ
പേരാമ്പ്ര മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്ന ഓര്‍മച്ചെപ്പ് പരിപാടിയിയില്‍ ഖത്തറില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കുന്ന കൂട്ടത്തില്‍ മരിച്ച അബ്്ദുല്‍ അസീസിന്റെ പേരുമുണ്ടായിരുന്നു. ലോക്‌സഭാ അംഗം എന്‍.കെ പ്രേമചന്ദ്രന്‍ പങ്കെടുക്കുന്ന ചടങ്ങായിരുന്നു.
ഇതില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഉച്ചയ്ക്കുള്ള ഡ്യൂട്ടി ഷിഫ്റ്റ് മാറ്റി രാവിലെ ഡ്യൂട്ടി ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു അബ്്ദുല്‍ അസീസെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതിനിടെയാണ് മരണം സംഭവിച്ചത്.
ഏത് നാട്ടുകാരായ പ്രവാസികള്‍ മരിച്ചാലും ആ മയ്യിത്ത് എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് എപ്പോഴും പിന്തുണയും സഹായവുമായി അബ്്ദുല്‍ അസീസ് എന്ന അസീസ്‌ക്ക ഉണ്ടാവുമായിരുന്നുവെന്ന് സുഹൃത്തുക്കളും പ്രവാസി സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു.
ബന്ധുക്കള്‍ ഇല്ലാത്ത എത്രയോ മൃതദേഹങ്ങളെക്കുറിച്ച് പലപ്പോഴും സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതും അസീസ്‌ക്കയായിരുന്നു. ഒരു പാടുകാലം താന്‍ ജോലി ചെയ്തിരുന്ന അതേ മോര്‍ച്ചറിയില്‍ ജീവനറ്റു കിടന്ന അസീസ്‌ക്കയുടെ മയ്യിത്ത് ദര്‍ശിക്കുന്നതിനും ഹമദ് ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന മയ്യിത്ത് നമസ്്കാരത്തിലും വന്‍ജനാവലിയാണ് തടിച്ചുകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."