വടക്കാഞ്ചേരി നഗരസഭയുടെ ലോഗോ അംഗീകരിച്ചു
വടക്കാഞ്ചേരി: നഗരസഭ ഭരണ സമിതിക്കെതിരേ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയുടെ മോഹഭംഗങ്ങളില്‍ നിന്നുണ്ടായതാണെന്നും യാതൊരു ഗൃഹപാഠവും ചെയ്യാതെ നഗരസഭ രൂപീകരിച്ചതിന്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അറിയിച്ചു. നവംബര്‍ ഒന്നിനു പ്രഖ്യാപിച്ച വടക്കാഞ്ചേരി നഗരസഭ പരിമിതകളെ അതിജീവിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണ്.
മുന്‍ ധനകാര്യ വകുപ്പ് മന്ത്രി വടക്കാഞ്ചേരിക്ക് വേണ്ടി പ്രഖ്യാപിച്ച 20കോടി രൂപ ഇതുവരെ നഗരസഭക്ക് ലഭിച്ചിട്ടില്ല. ഈ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി യാതൊരു നടപടിയും സ്വീകരിക്കാന്‍ യു.ഡി.എഫ് തയ്യാറായില്ല. ഇപ്പോഴത്തെ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പുതിയ ബജറ്റില്‍ നഗരസഭക്ക് കെട്ടിടം പണിയുന്നതിനുവേണ്ടിയുള്ള തുക അനുവദിച്ചതിന്റെ ജാള്യത മറച്ചുവെക്കാനാണ് യു.ഡി.എഫ് നഗരസഭക്കെതിരേ ആരോപണം ഉന്നയിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അറിയിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ ലോഗോ നഗരസഭാ യോഗം അംഗീകരിച്ചു. തൃശൂര്‍ സ്വദേശി വിനയ്‌ലാല്‍ ആണ് ഡിസൈന്‍ ചെയ്തത്. നഗരസഭയിലെ കുടിവെള്ള സമിതികളുടെ ഫെഡറേഷന്‍ രൂപീകരിക്കുന്നതിന് നഗരസഭ യോഗം തീരുമാനിച്ചു. 75ഓളം കുടിവെള്ള സമിതികളും അതിലെ ഗുണഭോക്താക്കളും ഫെഡറേഷനില്‍ അംഗമാകും. കുടിവെള്ള സമിതികളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കുടിവെള്ള സമിതികളുടെ അറ്റകുറ്റപണികള്‍ കേടുവന്ന മോട്ടോറുകള്‍ക്ക് പകരം സംവിധാനം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, കിണര്‍ റീച്ചാര്‍ജിങ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ കഴിയാവുന്ന വടക്കാഞ്ചേരി മോഡല്‍ ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതിനും തീരുമാനമായി.
അനുദിനം രൂക്ഷമാകുന്ന വരള്‍ച്ചയെ അതിജീവിക്കുവാനും കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവ് കൂടുന്നതും മൂലം നാം നേരിടുന്നതും എന്നാല്‍ ഇതുവരെ കണ്ടതിനേക്കാളും തീവ്രമായ ജലക്ഷാമം സമീപഭാവിയില്‍ ഈ നാട് നേരിടേണ്ടി വരുമെന്നതിനാലും ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനത്തിനും കീഴിലുള്ള ജനങ്ങള്‍ക്ക് ജല ലഭ്യത ഉറപ്പു വരുത്തുവാന്‍ വ്യക്തമായ നയവും അതിനുസരിച്ചുള്ള പദ്ധതികളും ആവശ്യമാണ്. ഇതിന് മുന്നോടിയായി പ്രാദേശിക ജലനയം രൂപവല്‍കരിക്കാന്‍ തീരുമാനമെടുത്തു. ഓരോ വാര്‍ഡ് തലത്തിലും അടുത്ത പത്തോ ഇരുപതോ വര്‍ഷങ്ങളില്‍ വരാവുന്ന ജല ആവശ്യം എത്ര കണ്ട് വര്‍ധിക്കുമെന്നതും ലഭ്യത എത്രയുണ്ടാകുമെന്നതും ശാസ്ത്രീയമായി കണ്ടെത്തും.
ജലസേചന സ്രോതസുകള്‍ കണ്ടെത്തി സംരക്ഷിക്കും. മലിനജല നിര്‍മ്മാര്‍ജനം, ബോധവല്‍കണം, പരിശീലനം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രാദേശിക ജലനയമാണ് രൂപീകരിക്കുക. എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ജലനിധി, മഴപ്പൊലിമ, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കൂടി പങ്കാളിത്തത്തോടുകൂടി പദ്ധതി പൂര്‍ത്തിയാക്കും.
നഗരസഭാ യോത്തില്‍ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ലളിത ടീച്ചര്‍, ലൈലാ നസീര്‍, ജയപ്രീതമോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."