പ്രവാസികളുടെ ഹജ്ജ് പ്രതിസന്ധി; മെയ് 11 ന് ചര്‍ച്ച ചെയ്യുമെന്ന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍
മനാമ: പ്രവാസി ഹാജിമാരുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധികളെല്ലാം മെയ് 11ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയോഗത്തില്‍ താന്‍ ഉന്നയിക്കുമെന്നും യു.എ.ഇ പ്രവാസികളുടെ ഹജ്ജ് പ്രതിസന്ധി യോഗത്തിലെ പ്രധാന ചര്‍ച്ചയായി അവതരിപ്പിക്കുമെന്നും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അറിയിച്ചു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ അദ്ദേഹം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സുപ്രഭാതത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഹജ്ജ് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്താനും അത് ഏറ്റവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും അനിവാര്യമായ എല്ലാ നയതന്ത്ര ഇടപെടലുകളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി ചെയ്തു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ പ്രതിസന്ധി അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തില്‍ പ്രധാന ചര്‍ച്ചയായിരിക്കുമെന്നും താന്‍ തന്നെയായിരിക്കും യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഹജ്ജ് കമ്മറ്റിയോടൊപ്പം കേരള ഹജ്ജ് കമ്മറ്റിയും പ്രവാസികള്‍ക്കനുകൂലമായ രീതിയിലാണ് ഹജ്ജുമായി ബന്ധപ്പട്ട എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കുന്നത്. പ്രവാസികളുടെ ജോലിയും അവധിയും പരിഗണിച്ച് പാസ്‌പോര്‍ട്ടും മറ്റു രേഖകളും സമര്‍പ്പിക്കാനുള്ള സമയത്തില്‍ ഇളവും താമസവും നല്‍കിയിട്ടുണ്ട്.
നിലവില്‍ യു.എ.ഇയിലെ ഹജ്ജ് ക്വാട്ട സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ഔഖാഫിന്റെ നിര്‍ദേശം സഊദിയിലെ സ്വദേശി വത്കരണവുമായി ബന്ധപ്പെട്ട് ചില മുഫ്തിമാര്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലമാണ് എന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്.
അങ്ങിനെയെങ്കില്‍ സഊദിയിലുള്ള പ്രവാസികള്‍ക്കാര്‍ക്കും ഹജ്ജ് ചെയ്യാന്‍ പറ്റില്ലെന്ന നിര്‍ദേശവും വൈകാതെ ഉന്നയിക്കപ്പെട്ടേക്കും. എന്നാല്‍ അത് ഹജ്ജിന്റെ ശൈലിക്ക് യോജിച്ചതല്ല. കാരണം ഹജ്ജിന് ആരും പോകുന്നതല്ല. അത് അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്യുന്ന ആരാധനാ കര്‍മമാണ്. അതിനെതിരായ കേവല രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളൊന്നും സ്ഥായിയായി നിലനില്‍ക്കുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക രാഷ്ട്രങ്ങളെല്ലാം തങ്ങള്‍ക്ക് അനുവദിക്കപ്പെടുന്ന ഹജ്ജ് ക്വാട്ട സ്വദേശി-വിദേശി വിവേചനമില്ലാതെ വിശ്വാസികള്‍ക്കെല്ലാവര്‍ക്കും തുല്യമായി നല്‍കണമെന്നും പ്രവാസികളെ മാത്രമായി മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അടുത്ത കേന്ദ്ര ഹജ്ജ് കമ്മറ്റി യോഗത്തില്‍ ഈ പ്രശ്‌നങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്ത് കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ അഭിപ്രായം ഔദ്യോഗികമായി അധികൃതരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങള്‍ക്കു മുന്പ് ജിദ്ദ കോണ്‍സുലേറ്റില്‍ വെച്ച് കോണ്‍സുലല്‍ ജനറലുമായി കൂടിക്കാഴ്ചക്ക് അവസരം കിട്ടിയപ്പോള്‍ പ്രവാസിമലയാളികളുടെ ഹജ്ജുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങള്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസത്തെ പൊതുചടങ്ങില്‍ വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."