ലത്‌പോറ ഭീകരാക്രമണം: ലഷ്‌കര്‍ ഭീകരനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
ജമ്മു: കശ്മിരില്‍ 2017ല്‍ ലത്‌പോറയിലെ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി ഇര്‍ഷാദ് അഹമ്മദ് റെഷിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. പുല്‍വാമ ജില്ലയിലെ രത്‌നിപോറ സ്വദേശിയായ ഇര്‍ഷാദ്, ആക്രണത്തില്‍ നേരിട്ട് പങ്കാളിയാണെന്ന് എന്‍.ഐ.എ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലാകുന്ന അഞ്ചാമനാണ് ഇയാള്‍.
ജെയ്‌ഷെ മുഹമ്മദിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന റെഷി, സുരക്ഷാ സൈന്യം വധിച്ച ജെയ്‌ഷെ കമാന്‍ഡര്‍ നൂര്‍ മുഹമ്മദ് താന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. ഇയാളെ ഇന്ന് സ്പഷല്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. സി.ആര്‍.പി.എഫിന്റെ ഗ്രൂപ്പ് സെന്ററിനുനേരെ ആക്രമണം നടത്തിയതിന് കാരണം ജെയ്‌ഷെ കമാന്‍ഡര്‍ നൂര്‍ മുഹമ്മദിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നുവെന്ന് എന്‍.ഐ.എ പറയുന്നു. ജെയ്‌ഷെയുടെ ആക്രമണത്തിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതിലും ഭീകരരെ വാഹനങ്ങളില്‍ എത്തിച്ച് താമസ സൗകര്യം നല്‍കിയതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു കൊടുത്തത് ഇര്‍ഷാദായിരുന്നു.
സംഭവത്തില്‍ നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഫയാസ് അഹമ്മദ് മാഗ്രെ, മന്‍സൂര്‍ അഹമ്മദ് ഭട്ട്, നിസാര്‍ അഹമ്മദ് താന്ത്രെ, സഈദ് ഹിലാല്‍ ആന്ദ്രാബി എന്നിവരാണ് അറസ്റ്റിലായത്.
2017 ഡിസംബര്‍ 31ന് രാത്രിയായിരുന്നു സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററിനുനേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഫര്‍ദീന്‍ അഹമ്മദ് ഖാന്ദെ, മന്‍സൂര്‍ ബാബ, പാക് വംശജനായ അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇര്‍ഷാദ് അടക്കമുള്ള അഞ്ചുപേര്‍കൂടി അറസ്റ്റിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."