ഫോണ്‍കെണി: ആന്റണി കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ വിജ്ഞാപനമായി
തിരുവനന്തപുരം: ഫോണ്‍കെണി വിവാദം അന്വേഷിക്കാന്‍ രൂപീകരിച്ച പി.എസ് ആന്റണി കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് വിജ്ഞാപനമായി. ക്രൈംബ്രാഞ്ച് അന്വേഷണപരിധിയിലുള്ള വിഷയങ്ങളാണ് കമ്മിഷനും പരിഗണിക്കുക. മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റേതായി മംഗളം ചാനലില്‍ സപ്രേഷണം ചെയ്ത സംഭാഷണത്തിന്റെ നിജസ്ഥിതിയാണ് കമ്മിഷന്റെ ആദ്യ പരിഗണനാ വിഷയം. ഈ സംഭാഷണം ഏതുസാഹചര്യത്തില്‍ ഉണ്ടായെന്നും പരിശോധിക്കണം. സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ടോയെന്നും അതിനുപിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചുവെന്നും കണ്ടെത്തണം. സംഭാഷണം സംപ്രേഷണം ചെയ്തതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും കണ്ടെത്തണം. ഉണ്ടെങ്കില്‍ എന്തെല്ലാം നിയമനടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കേസുമായി ബന്ധപ്പെട്ടതെന്ന് കമ്മിഷന് കാണുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. വസ്തുതാ പരിശോധനയെക്കാള്‍ ക്രിമിനല്‍ കേസന്വേഷണം നടത്തേണ്ട സ്ഥിതിയിലാണ് ഇതോടെ കമ്മിഷന്. പരിഗണനയിലുള്ള വിഷയങ്ങള്‍ക്ക് അനുസൃതമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുക കേസിലെ പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് മാത്രമാണ്. കേസിലെ സുപ്രധാന തെളിവായ സംഭാഷണം ഉള്‍പ്പെട്ട ലാപ്ടോപ്പ്, ഫോണ്‍ എന്നിവ ഇനിയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ലാപ്ടോപ്പ്, ഫോണ്‍ എന്നിവ തന്നെയാകും നിലവിലെ പരിഗണനാ വിഷയം അനുസരിച്ച് കമ്മിഷനും കണ്ടത്തേണ്ട സുപ്രധാന തെളിവ്.
കേസിലെ പ്രതികളായ ചാനല്‍ ചെയര്മാന് സാജന് വര്‍ഗീസ്, സി.ഇ.ഒ ആര് അജിത്കുമാര്‍, ക്രൈം റിപ്പോര്‍ട്ടര്‍ എസ് ജയചന്ദ്രന്, കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍മാരായ എം.ബി സന്തോഷ്, ഋഷി കെ മനോജ്, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, പ്രദീപ്, ലക്ഷ്മി, ഫോണ്‍ കെണി ഒരുക്കിയ പെണ്‍കുട്ടി എന്നിവരാണ് പ്രതികള്‍. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇതുവരെ ഫോണ്‍കെണി ഒരുക്കിയ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെല്ലാം ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."