ഈജിപ്തില്‍ 4300 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി
കെയ്‌റോ: ഈജിപ്തില്‍ 4300 വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി. തെക്കന്‍ കെയ്‌റോയിലെ സഖാറയിലാണ് സുപ്രധാന കണ്ടെത്തല്‍. അഞ്ചാം രാജവംശത്തിലേതെന്ന് കരുതുന്ന ഈ ശവകടീരത്തില്‍ വര്‍ണശില്‍പങ്ങളും മായാത്ത ശിലാലിഖിതങ്ങളുമുണ്ട്.
എല്‍ എന്ന ഇംഗ്ലീഷ് അക്ഷര ആകൃതിയിലുള്ള ശവകുടീരമാണിതെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രാലയത്തിലെ ഉദ്ഖനന വിഭാഗം തലവന്‍ മുഹമ്മദ് മെഗാഹദ് പറഞ്ഞു. ശവകുടീരം ആരംഭിക്കുന്നത് ഒരു ചെറിയ ഇടനാഴിയോടെയാണെന്നും പിന്നീടുള്ള വലിയ ഇടനാഴിയില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ശില്‍പങ്ങളും മറ്റും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവിടുന്നതെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഇനാനി പറഞ്ഞു.
ശവകുടീരത്തിന്റെ വടക്കുഭാഗത്ത് കാണുന്നത് രാജവംശത്തിന്റെ ശവകുടീരങ്ങളില്‍ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്ന ആര്‍ക്കിടെക്ചര്‍ രൂപരേഖയാണെന്നു മനസ്സിലായതായും അധികൃതര്‍ പറയുന്നു.
അഞ്ചാം രാജ വംശത്തിലെ നിരവധി ശവകുടീരങ്ങള്‍ ഈജിപ്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ടുറിസം മേഖല വിപുലപ്പെടുത്താനായി പുരാവസ്തുക്കളുടെ ഉത്ഖനനത്തിന് ഈജിപത് വന്‍ പ്രോത്സാഹനമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."