ജീവിത വിശുദ്ധിയുടെ പ്രതീകങ്ങള്‍
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും. കേരള രാഷ്ട്രീയത്തിന്റെയും മുസ്‌ലിംലീഗിന്റെയും ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ജീവിത വിശുദ്ധിയുടെ പ്രതീകങ്ങള്‍. 2009 ആഗസ്ത് ഒന്നിന് മുഹമ്മദലി ശിഹാബ് തങ്ങളും 2008ലെ ഇതേ ദിവസം ഉമര്‍ ബാഫഖി തങ്ങളും നമ്മില്‍നിന്ന് വിടപറഞ്ഞു. ഈ രണ്ടു നേതാക്കളെക്കുറിച്ചുമുള്ള ഓര്‍മകള്‍ മനസ്സിലിപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. അവര്‍ ജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന നിഷ്ഠയുടെയും വിശുദ്ധിയുടെയും ഓര്‍മകളാണ് ഏറെയും.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കാണാന്‍ ചെന്നാല്‍ ഈത്തപ്പഴവും ചായയും കഴിക്കാതെ മടങ്ങാനാവില്ല. പാണക്കാട് കുടുംബത്തിന്റെ ഈ സല്‍ക്കാര പ്രിയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ ചായ കുടിക്കുന്നത് പതിവില്ലാത്ത എനിക്കു വേണ്ടി ശിഹാബ് തങ്ങള്‍ ഒരു പ്രത്യേക സമ്മാനം കരുതിവെക്കാറുണ്ട്. തേനൊഴിച്ച മധുരപാനീയം. എല്ലാവര്‍ക്കും ചായ കൊടുക്കുമ്പോള്‍ എനിക്കായി ആ തേന്‍ മധുരം ഒഴിച്ചുതരുന്ന തങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോവുകയാണ്.
ആ ഔന്നത്യവും ലാളിത്യവും എത്ര മഹത്തരമായിരുന്നു്യു! ഒരു നേതാവ് എങ്ങനെയാണ് അനുയായികളോട് പെരുമാറേണ്ടതെന്ന വലിയ പാഠമാണ് തങ്ങള്‍ പകര്‍ന്നു തന്നത്. നിലത്തുവെക്കാതെ പരിചരിക്കാന്‍ എത്ര തന്നെ സേവകരെ ലഭിക്കുമെങ്കിലും മറ്റുള്ളവരെ സേവിക്കുന്നതിലും സ്‌നേഹിക്കുന്നതിലുമാണ് തങ്ങള്‍ ആനന്ദം കണ്ടെത്തിയത്.
തങ്ങളോടൊപ്പമുള്ള ഒരു യു.എ.ഇ യാത്രയിലെ അനുഭവങ്ങള്‍ ഇപ്പോഴും ഇളക്കം തട്ടാതെ മനസ്സിലുണ്ട്. യു.എ.ഇ മതകാര്യ വകുപ്പിന്റെ ഉപദേഷ്ടാവായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അലി ഹാഷ്മിയുടെ അതിഥിയായിട്ടാണ് തങ്ങള്‍ യു.എ.ഇയിലെത്തിയത്. ഈന്തപ്പനയോല കൊണ്ട് തയ്യാറാക്കിയ മജ്‌ലിസിലായിരുന്നു വിരുന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികളും മഹാപണ്ഡിതന്മാരും സദസ്സിലുണ്ട്. അന്നത്തെ മുഖ്യാതിഥി മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. അറബിയിലാണ് തങ്ങള്‍ സംസാരിച്ചത്. അതുകഴിഞ്ഞ ഉടനെ പലരും ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ട തങ്ങള്‍ സൗമ്യമായി മറുപടി നല്‍കി.
തങ്ങളുടെ സംസാരം അവിടെയുള്ളവരെ സന്തോഷിപ്പിച്ചു. അവരെല്ലാം അദ്ദേഹത്തെ അഭിനന്ദിക്കുന്നത് കണ്‍കുളിര്‍ക്കെ കണ്ടു. എവിടെ പോയാലും ആ നാട്ടിലെ കാഴ്ചകള്‍ കാണാനും കെ.എം.സി.സിക്കാര്‍ ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാനും തങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ യാത്രയില്‍ തങ്ങള്‍ക്ക് പ്രത്യേക താമസ കേന്ദ്രവും സെക്യൂരിറ്റിയും ഏര്‍പ്പാടാക്കിയിരുന്നു. പുറത്തു പോകാനൊക്കെ വലിയ നിയന്ത്രണങ്ങളായിരുന്നു. പൊലീസ് അകമ്പടിയോടെയായിരിക്കും യാത്രകള്‍. ഒടുവില്‍ തങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ കിട്ടിയത്.
ലോകത്തോളം വിശാലമായ സൗഹൃദങ്ങളും എല്ലാവരെയും കേള്‍ക്കാനുള്ള ക്ഷമയും ശിഹാബ് തങ്ങളുടെ പ്രത്യേകതയായിരുന്നു. ഒരിക്കല്‍ തങ്ങളോടൊപ്പം ഉംറക്ക് പോവുകയുണ്ടായി. മക്കയിലെ കെ.എം.സി.സി യോഗത്തില്‍ രാത്രി പത്തു മണി മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ പ്രവര്‍ത്തകരുടെ സംസാരം കേട്ടുകൊണ്ടിരുന്നു അദ്ദേഹം. കുറേ നേരമായല്ലോ, ഇനി നമുക്ക് മുറിയിലേക്ക് പോകാമെന്നു ഞാന്‍ പറഞ്ഞിട്ടും ഇതുകഴിയട്ടെ എന്നു പറഞ്ഞ് തങ്ങള്‍ അവിടെത്തന്നെ ഇരുന്നു. ഇത്രയും ക്ഷമയുള്ള ഒരു നേതാവിനെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.
എത്ര വൈകി വീട്ടിലെത്തിയാലും കാത്തിരിക്കുന്ന ആളുകളെ കാണുകയും അവരുടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടേ തങ്ങള്‍ ഉറങ്ങാന്‍ പോവുകയുള്ളൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഒരു ദിവസം പുലര്‍ച്ചെ രണ്ടു മണി വരെ തങ്ങളെ കാത്തിരുന്നത് ഓര്‍ത്തു പോവുകയാണ്. യാത്ര കഴിഞ്ഞ് വലിയ ക്ഷീണത്തോടെയാണ് തങ്ങള്‍ കയറി വന്നത്. എന്നാല്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ, ഒട്ടും മുഖം ചുളിക്കാതെ അദ്ദേഹം എന്നോട് സംസാരിച്ചു. ആ സമയത്തും മറ്റു ചിലര്‍ കൂടി തങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരോടും സംസാരിച്ച ശേഷമാണ് തങ്ങള്‍ അകത്തേക്ക് പോയത്. എല്ലാ മത സംഘടനാ നേതാക്കളുമായും തങ്ങള്‍ക്ക് നല്ല ബന്ധമായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ പോലും ചോദിച്ചുകൊണ്ടാണ് അവരോട് സംസാരിക്കുക. ഇസ്‌ലാമിക ലോകത്തെ പുതിയ ചിന്തകളും പുസ്തകങ്ങളുമൊക്കെ ആ സംസാരത്തില്‍ കടന്നുവരും.
മുഹമ്മദലി ശിഹാബ് തങ്ങളെ പോലെത്തന്നെ ജീവിത വിശുദ്ധി പുലര്‍ത്തിയ നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍. അദ്ദേഹത്തോടൊപ്പവും ഉംറക്ക് പോകാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കര്‍മങ്ങളില്‍ കണിശത പുലര്‍ത്തിയിരുന്നു അദ്ദേഹം. യാതൊരു സ്വാര്‍ത്ഥ മോഹങ്ങളോ അധികാര രാഷ്ട്രീയത്തോട് താത്പര്യമോ ഇല്ലാതെയാണ് അദ്ദേഹം ജീവിച്ചത്. യു.എ.ഇയില്‍ അഞ്ചു ദിവസം തങ്ങളോടൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ഷമയും കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവുമൊക്കെ നേരില്‍ കാണാന്‍ സാധിച്ചു. ആറു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ രാഷ്ട്രീയ, മതഭേദമില്ലാതെ പൊതുസമൂഹം അദ്ദേഹത്തെ ആദരിച്ചു. സൗമ്യനും ശക്തനുമായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍. ജൂബ്ബയും കോട്ടും തലപ്പാവുമായി തലയെടുപ്പോടെ നിന്ന് സാധാരണക്കാരോടൊപ്പം ഇടപഴകി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. ചെറിയ കാര്യങ്ങള്‍ക്കു പോലും എല്ലാവരുടെയും അഭിപ്രായം തേടി തീരുമാനമെടുക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. കുറഞ്ഞ കാലം നിയമസഭാ സാമാജികനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ആദര്‍ശ വിശുദ്ധിയുടെ പ്രതീകമായി പ്രവര്‍ത്തകര്‍ക്കിടയില്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ നിലകൊണ്ടു. സമുദായത്തിന് ശക്തമായ നേതൃത്വം നല്‍കി ചരിത്രത്തിലെ ഈടുറ്റ കണ്ണികളായി മാറിയ നേതാക്കളായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും. ആ ഓര്‍മകള്‍ക്ക് മുന്നില്‍ സ്‌നേഹാദരവുകളും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."