സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ നിയമനം വൈകുന്നു
കോഴിക്കോട്: സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ നിയമനം വൈകുന്നു. പി.എസ്.സി കാറ്റഗറി നമ്പര്‍ 2222015 സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ സംസ്ഥാനത്ത് നിലവില്‍ വിരലില്‍ എണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് നടന്നത്.
2015ലാണ് പി.എസ്.സി സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2016ല്‍ ഇതിന്റെ എഴുത്തുപരീക്ഷ നടത്തിയിരുന്നു. എന്നാല്‍ എഴുത്തുപരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. നിരവധി സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2018ല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമനം നടത്തിയിട്ടില്ല. പരീക്ഷയില്‍ മികച്ച റാങ്ക് നേടിയവര്‍ പോലും മറ്റു തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണുള്ളത്.
സംസ്ഥാനത്തുടനീളം കോര്‍പറേഷന്റെ സെയില്‍സ്മാന്‍ തസ്തികയില്‍ നിരവധി താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ സംരക്ഷിക്കാനാണ് നിയമനം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
പ്രായപരിധി അവസാനിച്ചതും മറ്റു ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്തതുമായ ധാരാളം യുവാക്കള്‍ ഈ ലിസ്റ്റിലുണ്ട്. റാങ്ക് ലിസ്റ്റ് നിലനില്‍ക്കെയുള്ള താല്‍ക്കാലിക ദിവസ വേതന ജീവനക്കാരുടെ നിയമനം ഹൈക്കോടതി ശക്തമായി വിലക്കിയിട്ടും സിവില്‍ സപ്ലൈസ് ഡിപാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക നിയമനം പൊടിപൊടിക്കുകയാണ്.
ക്ലാരിഫിക്കേഷന്‍ നടപടികളുടെ പേരില്‍ നിലവില്‍ പല ജില്ലകളിലും നിയമനം മുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ പി.എസ്.സി പോലും കൈവിടുന്ന സ്ഥിതിയാണ് ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. നാഷനല്‍ ഫുഡ് സെക്യൂരിറ്റി ഗോഡൗണുകളില്‍ ഉള്‍പ്പെടെ താല്‍ക്കാലിക നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഈ വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സെയില്‍സ്മാന്‍ തസ്തികയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
പി.എസ്.സി ഒരു ലിസ്റ്റിന് കൊടുക്കുന്ന കാലാവധി മൂന്നു വര്‍ഷമാണ്. അതില്‍ ഒരു വര്‍ഷം നിയമനങ്ങള്‍ മുടങ്ങിയാല്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്.
റാങ്ക് പട്ടികയുടെ കലാവധി ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസുകളില്‍ അന്തിമവിധി വന്നിട്ടില്ലെന്നും വിധി വന്നതിനു ശേഷമേ നിയമനം സാധ്യമാകൂ എന്നതാണ് പി.എസ്.സിയുടെ നിലപാട്. 14 ജില്ലകളിലായി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
ലിസ്റ്റില്‍ പേരുള്ള മിക്ക ഉദ്യോഗാര്‍ഥികളും ഇനിയൊരു പി.എസ്.സി പരീക്ഷയെഴുതാന്‍ പ്രായം കഴിഞ്ഞവരാണ്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പല തവണ സമീപിച്ചിട്ടും നിവേദനം കൈമാറിയിട്ടും ഫലമുണ്ടായില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."