ബലിപെരുന്നാള്‍ നിറവില്‍ ലോകരാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങളോടെ ആഘോഷം
മക്ക: ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും മഹത്തായ ത്യാഗ സ്മരണ അയവിറക്കി മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷത്തില്‍. മുസ്‌ലിം ലോകത്തിന്റെ കേന്ദ്രങ്ങളായ മക്ക ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും കൊവിഡ് ഭീഷണി നില നില്‍ക്കെ തന്നെ പെരുന്നാള്‍ നിസ്‌കാരം ഭംഗിയായി തന്നെ നടന്നു. കഴിഞ്ഞ ചെറിയ പെരുന്നാളോടനുബന്ധിച്ച് നാല് ദിവസം സഊദിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഈ പെരുന്നാളിന് ആശ്വാസം കിട്ടിയ സന്തോഷത്തിലാണ് വിശ്വാസികള്‍. സഊദിയില്‍ വിശ്വാസികള്‍ സുബ്ഹി നിസ്‌കാരത്തിനു തന്നെ പള്ളികളില്‍ ഇടം നേടിയിരുന്നു. കൊവിഡ് പശ്ചാതലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് നിസ്‌കാരങ്ങള്‍ നടന്നത്.
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന്നും ഖുതുബക്കും ഹറം പള്ളി ഇമാം അബ്ദുല്ലാഹ് ബിന്‍ അവാദ് അല്‍ ജുഹനിയും മദീനയില്‍ മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും ഇമാം അഹ്മദ് ത്വാലിബ് ബിന്‍ ഹുമൈദും നേതൃത്വം നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ നില നില്‍ക്കുന്നതിനാല്‍ മക്കയില്‍ പുറത്ത് നിന്നുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് എല്ലാവര്‍ക്കും ഈദുല്‍ അദ്ഹാ ആശംസകള്‍ നേര്‍ന്നു. ഹജ്ജ് നിര്‍വഹിച്ച തീര്‍ഥാടകരുടെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ച രാജാവ് രാജ്യത്തുനിന്ന് കൊവിഡ് തുടച്ചു നീക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്തു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഖത്തര്‍, ഒമാന്‍, യു.എ.ഇ, കുവൈത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും ഒരേ ദിവസമായിരുന്നു പെരുന്നാളാഘോഷം. കൊവിഡ് പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."