50 കഴിഞ്ഞ പൊലിസുകാര്‍ക്ക് കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടി വേണ്ട
പൊലിസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു
തിരുവനന്തപുരം: അന്‍പത് വയസ് കഴിഞ്ഞ പൊലിസുകാര്‍ ഇനി കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടി ചെയ്യേണ്ട. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. 50 വയസിന് മുകളിലുള്ള പൊലിസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്‌ക്കോ നിയോഗിക്കരുത്.
50 വയസിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. ഇവരെ സ്‌റ്റേഷന്‍ ഡ്യൂട്ടികളില്‍ മാത്രം നിയോഗിച്ചാല്‍ മതി. പൊലിസ് ക്യാംപുകളില്‍ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ച് സ്‌റ്റേഷനുകള്‍ അടച്ചിടേണ്ട സ്ഥിതി ഉണ്ടാവുകയും ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ രോഗം ബാധിച്ച് മരിച്ചതും കണക്കിലെടുത്താണ് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം.
സംസ്ഥാനത്ത് ഇതുവരെ 89 പൊലിസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയില്‍ മാത്രം 31 പൊലിസുകാരാണ് കൊവിഡ് ബാധിതരായത്.
അതിനിടെ എസ്.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലിസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലിസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇന്നും നാളെയും അണുനശീകരണം നടത്തി നാളെ തുറക്കും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം. നേരത്തെ പൊലിസ് ആസ്ഥാനത്തെ ഒരു ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."