ചാംപ്യന്‍സ് ലീഗ്: അരയും തലയും മുറുക്കി ടീമുകള്‍
റോം: ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംപാദ മത്സരങ്ങള്‍ നാളെ തുടങ്ങും. ആദ്യ പാദത്തില്‍ ജയം നേടിയ ടീമുകള്‍ ജയം നിലനിര്‍ത്താനും പരാജയപ്പെട്ടവര്‍ തിരിച്ചുവരാനുമുള്ള ഒരുക്കത്തിലുമാണ്. ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ സമനില നേടിയ അയാക്‌സും യുവന്റസും തമ്മിലുള്ള മത്സരം നാളെ നടക്കും. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞതാണ്. അതിനാല്‍ നാളെ ഗോള്‍ നേടിയാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും സെമിയില്‍ പ്രവേശിക്കാനാകൂ. നാളത്തെ മത്സരത്തിന് വേണ്ടി യുവന്റസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കഴിഞ്ഞ സീരി എ മത്സരത്തില്‍ വിശ്രമം നല്‍കിയിരുന്നു. ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഗോളായിരുന്നു യുവന്റസിന്റെ കരുത്ത്. പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തുരത്തുന്നതിനും മുന്നില്‍ നിന്നത് ക്രിസ്റ്റ്യാനോയായിരുന്നു. അതിനാല്‍ നാളത്തെ മത്സരത്തിലും യുവന്റസ് കരുതിവെച്ച വജ്രായുധമാണ് ക്രിസ്റ്റ്യാനോ.
അധ്വാനിച്ച് കളിക്കുന്ന ക്രിസ്റ്റിക്ക് ഫോം നിലനിര്‍ത്താനായാല്‍ അയാക്‌സും കടന്ന് യുവന്റസിന് സെമിയില്‍ പ്രവേശിക്കാനാകും. അതേ സമയം യുവത്വം കരുത്തായുള്ള അയാക്‌സ് റയല്‍ മാഡ്രിഡിനെ ചവിട്ടിത്താഴ്തിയാണ് എത്തിയിട്ടുള്ളത്. ഇത് യുവന്റസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വേഗതയുള്ള താരങ്ങളെ പിടിച്ച് കെട്ടാന്‍ കഴിഞ്ഞാല്‍ മാത്രമേ യുവന്റസിന് കാര്യങ്ങള്‍ എളുപ്പമാകു. ചാട്ടുളി പോലെ കുതിക്കുന്ന മൊറോക്കന്‍ താരം ഹകീം സിയെച്ച്, ബ്രസീല്‍ താരം ഡേവിഡ് നെരസ് എന്നിവരിലാണ് അയാക്‌സിന്റെ വിശ്വാസം മുഴുവനും.
പരുക്ക് അലട്ടുന്നു
അയാക്‌സിന്റെ മിഡ്ഫീല്‍ഡില്‍ കളിക്കുന്ന താരം ഡി യോങിന് പരുക്കേറ്റതിന്റെ ആശങ്കയിലാണ് അയാക്‌സ്. കഴിഞ്ഞ ദിവസം ലീഗ് മത്സരത്തിനിടെ പരുക്കേറ്റ താരം മത്സരം പൂര്‍ത്തിയാക്കാതെ പുറത്ത് പോയിരുന്നു. താരത്തിന്റെ പരുക്ക് സാരമുള്ളതാണെന്നും നാളത്തെ ചാംപ്യന്‍സ് ലീഗ് നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചാംപ്യന്‍സ് ലീഗില്‍ അയാക്‌സിന്റെ മിഡ്ഫീല്‍ഡില്‍ ചരട് വലിച്ചിരുന്ന താരമാണ് ഡി യോങ്. താരത്തെ നഷ്ടപ്പെടുകയാണെങ്കിലും മിഡ്ഫീല്‍ഡിലേക്ക് യോങിനെ പകരക്കാരനെ കണ്ടെത്താന്‍ അയാക്‌സ് പാട്‌പെടും.
നാളെത്തെ മത്സരം യുവന്റസിന്റെ ഗ്രൗണ്ടിലാണ് എന്നതിനാല്‍ ഡിയോങിന്റെ അഭാവം അയാക്‌സിന് വലിയ പ്രതിസന്ധി ഉണ്ടാക്കും.
ബാഴ്‌സ-യുനൈറ്റഡ്
മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ് സെമി പ്രവേശനത്തിനായി പോരാടുന്നത്. ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ജയം സ്വന്തമാക്കിയ ബാഴ്‌സലോണക്ക് സമനിലയെങ്കിലും ലഭിച്ചാല്‍ സെമിയിലേക്കുള്ള ടിക്കറ്റ് ലഭിക്കും. പക്ഷെ 90 മിനുട്ടും യുനൈറ്റഡിനെ പ്രതിരോധിച്ച് നില്‍ക്കണമെങ്കില്‍ ബാഴ്‌സലോണക്ക് അല്‍പം വിയര്‍ക്കേണ്ടി വരും. നാളത്തെ മത്സരത്തിന് വേണ്ടി സൂപ്പര്‍ താരങ്ങളായ മെസ്സി, സുവാരസ് എന്നിവര്‍ക്ക് ലീഗ് മത്സരത്തില്‍ വിശ്രമം നല്‍കിയിരുന്നു. നിലവിലെ ഫോമില്‍ ബാഴ്‌സയെ തകര്‍ക്കണമെങ്കില്‍ യുനൈറ്റഡിന് സൂപ്പര്‍ പോരാട്ടം കാഴ്ചവെക്കേണ്ടി വരും. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്ന മുന്‍തൂക്കവും ബാഴ്‌സലോണക്ക് കരുത്തേകും. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം തോല്‍പിച്ച് വേണം നാളെ യുനൈറ്റഡിന് ജയം കണ്ടെത്താന്‍.
പ്രീമിയര്‍ ലിഗിലെ അവസാന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ പോഗ്ബയില്‍ തന്നെയാണ് നാളെ യുനൈറ്റഡിന്റെ വിശ്വാസം. അതേ സമയം മിഡ്ഫീല്‍ഡില്‍ പോഗ്ബയെ തന്ത്രങ്ങള്‍ മെനയാന്‍ വിടാതിരിക്കുക എന്ന തന്ത്രമായിരിക്കും ബാഴ്‌സ നാളെ പയറ്റുക. മെസ്സിയും സുവാരസും മുന്നേറ്റനിരയിലുണ്ടാകുമ്പോള്‍ ഗോളിനെ കുറിച്ച് ചിന്തിക്കാതെ പ്രതിരോധത്തെ കുറിച്ച് മാത്രമാകും മറ്റു താരങ്ങള്‍ ചിന്തിക്കുന്നത്. സ്വന്തം പോസ്റ്റിലേക്ക് വരുന്നവരെ പ്രതിരോധിക്കുക എന്നത് മാത്രമായിരിക്കും സെമിയിലെത്തണമെങ്കില്‍ ബാഴ്‌സക്ക് മുന്നിലുള്ള ഏക പോം വഴി.
മത്സരം സമനിലയില്‍ കലാശിക്കുകയാണെങ്കിലും അഗ്രഗേറ്റില്‍ 1-0 എന്ന സ്‌കോറിന് ബാഴ്‌സലോണക്ക് സെമിയില്‍ പ്രവേശിക്കാം. അതേ സമയം മികച്ച ഫോമിലുള്ള യുനൈറ്റഡ് കീപ്പര്‍ ഡിഗിയയെ കീഴടക്കുന്നത് മാത്രമാകും ബാഴ്‌സക്ക് മുന്നിലുള്ള ഏക വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."