രാജ്യസഭാ തെരഞ്ഞെടുപ്പ് 'വിപ്പ്'ആയുധമാക്കി വീണ്ടും ജോസഫ്- ജോസ് ഏറ്റുമുട്ടല്‍
കോട്ടയം: എം.പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 'വിപ്പ്'ആയുധമാക്കി കേരള കോണ്‍ഗ്രസ് (എം) ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങി. രാജ്യസഭയിലേക്ക് മത്സരം നടന്നാല്‍ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് വ്യക്തമാക്കി. ജോസഫ് നല്‍കുന്ന വിപ്പ് നിലനില്‍ക്കില്ലെന്നും റോഷി അഗസ്റ്റിനാണ് പാര്‍ട്ടിയുടെ നിയമസഭയിലെ ചീഫ് വിപ്പെന്നും വ്യക്തമാക്കി ജോസ് വിഭാഗവും രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരായ യു.ഡി.എഫ് അവിശ്വാസത്തില്‍ ജോസ് വിഭാഗം എം.എല്‍.എമാരെ വിപ്പ് ആയുധമാക്കി നേരിടാന്‍ പി.ജെ ജോസഫ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. എന്നാല്‍, കൊവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിയതോടെ ജോസ് വിഭാഗം ആശ്വാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും 'വിപ്പ്' ചൊല്ലിയുള്ള തര്‍ക്കം തുടങ്ങിയത്.
24നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ രണ്ടില ചിഹ്നത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി.ജെ ജോസഫ് നല്‍കുന്ന വിപ്പ് നിലനില്‍ക്കില്ലെന്ന വാദമാണ് ജോസ് പക്ഷം ഉയര്‍ത്തുന്നത്. എന്നാല്‍, പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാന്റെ പദവി വഹിക്കുന്ന വര്‍ക്കിങ് ചെയര്‍മാന്‍ നല്‍കുന്ന വിപ്പ് അനുസരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിപ്പാണ് ജോസഫ് നല്‍കുന്നത്.
കേരള കോണ്‍ഗ്രസ് (എം) നിയമസഭാ ചീഫ് വിപ്പ് എന്ന നിലയില്‍ വിപ്പ് നല്‍കുന്നതിനുള്ള അധികാരം റോഷി അഗസ്റ്റിന് മാത്രമാണെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടായാല്‍ അതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. പിളര്‍പ്പിന് ശേഷം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ജോസ് പക്ഷം വാദിക്കുന്നു.
പിളര്‍പ്പിന് മുന്‍പ് നിയമസഭാ ചീഫ് വിപ്പായി അംഗീകരിച്ചിട്ടുള്ള റോഷി അഗസ്റ്റിന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ അധികാരങ്ങളും ഉള്ളതെന്നും മറ്റാരുടെയും വിപ്പ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഡോ. എന്‍. ജയരാജ് വൃക്തമാക്കി.
കെ.എം മാണിയുടെ നിര്യാണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് (എം) ല്‍ ഉണ്ടായ പിളര്‍പ്പ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇരുവിഭാഗവും നല്‍കിയ പരാതിയില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിവച്ചിരിക്കുകയാണ്. അതിനാല്‍ സാങ്കേതികമായി ജോസ് പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ ഭാഗമാണ്. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫ് നല്‍കുന്ന വിപ്പ് അംഗീകരിക്കേണ്ടിവരും.
വിപ്പ് അംഗീകരിച്ച് ജോസ് പക്ഷ എം.എല്‍.എമാര്‍ക്ക് യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യേണ്ട സ്ഥിതിവന്നാല്‍ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചതിന് തുല്യമാകും. എല്‍.ഡി.എഫിലേക്ക് ചേക്കേറാന്‍ മോഹിക്കുന്ന ജോസ് പക്ഷത്തിന് യു.ഡി.എഫിന് അനുകൂലമായി നിലപാട് എടുക്കേണ്ടി വരുന്ന സാഹചര്യം രാഷ്ട്രീയമായി തിരിച്ചടിയാകും.
എല്‍.ഡി.എഫിന് ജയിക്കാന്‍ കഴിയുന്ന വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് യു.ഡി.എഫ് അന്തിമതീരുമാനം എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."