രാമക്ഷേത്ര നിര്‍മാണം: പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കളും
ഭോപ്പാല്‍: ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കും കുറിക്കുന്നതിനെ അനുകൂലിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. പ്രമുഖ നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്, മധ്യപ്രദേശില്നിന്നുതന്നെയുള്ള പ്രമുഖ നേതാവും രാജ്യസഭാ എം.പിയുമായ ദിഗ് വിജയ് സിങ് എന്നിവരാണ് ക്ഷേത്രനിര്‍മാണത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണെന്നാണ് കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന ഒന്നാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നെന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ അഭിപ്രായപ്രകടനം. വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് രാമനെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശില്‍ 24 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്.
ഇതു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുമുണ്ട്. അതേസമയം, ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലേക്ക് എല്‍.കെ അദ്വാനിയെ ക്ഷണിക്കാത്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിനു പിന്നാലെ, അദ്വാനിയടക്കമുള്ളവരെ ഫോണിലൂടെ ക്ഷണിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."