പാതയിരട്ടിപ്പിക്കല്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും: എം.പി
കോട്ടയം: കായംകുളം-കോട്ടയം- എറണാകുളം റെയില്‍വേ ലൈനിലെ ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുളള പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ ഈവര്‍ഷം ഡിസംബറോടുകൂടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനുമിടയില്‍ സ്ഥലമേറ്റെടുക്കാനുള്ള കാലതാമസമാണ് ചിങ്ങവനം വരെയുള്ള ഭാഗത്തിന് തടസ്സം നില്‍ക്കുന്നത്. പത്തോളം ഭൂ ഉടമകളില്‍നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടതായിട്ടുളളത്. ഇതില്‍ അഞ്ചുപേര്‍ നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വസ്തു വിട്ടുനല്‍കാന്‍ തയ്യാറാണ്. അവശേഷിച്ച അഞ്ച് ഭൂ ഉടമകളുടെ തര്‍ക്കമാണ് ഭൂമി ഏറ്റെടുക്കലിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കൊടിക്കുന്നില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ കോട്ടയം കലക്ടറേറ്റില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെയും ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെയും യോഗം ചേര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കലില്‍ കാലതാമസം വരുന്നതുമൂലം നിരവധി മേല്‍പ്പാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുന്നില്ല. കുറിച്ചി പഞ്ചായത്തിലെ റെയില്‍വേ മേല്‍പാലങ്ങള്‍ വീതികൂട്ടി പുതുക്കിപ്പണിയാനുള്ള നടപടികള്‍ തുടങ്ങി. ചിറമുട്ടം റോഡ് ഓവര്‍ബ്രിഡ്ജ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കി ഈ പ്രദേശത്ത് തടസപ്പെട്ടുകിടക്കുന്ന കുടിവെള്ളവിതരണം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കും.
ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം ജില്ലയിലെ ഏറ്റവും വലിയ റെയില്‍വേ സ്്‌റ്റേഷനായാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഗുഡ്‌സ് റോഡ് വീതികൂട്ടി പുനര്‍നിര്‍മിച്ചു. ഗുഡ്‌സ് യാര്‍ഡിന്റെ പണികള്‍ പൂര്‍ത്തിയായിവരുന്നതായും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."