സീറ്റുമോഹികളെയെല്ലാം തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ജലന്ധര്‍: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ സീറ്റു നിഷേധിക്കപ്പെട്ടവരുടെ അതൃപ്തി തുടരവെ പ്രതികരണവുമായി മുതിര്‍ന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്. ആം ആദ്മി പാര്‍ട്ടി വിട്ടുവന്ന ചന്ദന്‍ ഗെയര്‍വാളിനെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ സീറ്റുമോഹികളെയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ആകെ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. മത്സരിക്കാന്‍ താല്‍പര്യമറിയിച്ച 177 പേരെയും ഇവിടങ്ങളില്‍ മത്സരിപ്പിക്കുക സാധ്യമല്ല. വിജയസാധ്യതയെന്ന മാനദണ്ഡം മാത്രം പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. യുവത്വവും പരിചയസമ്പത്തും സമ്മേളിക്കുന്ന വിധത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടുള്ളത്.
സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിഘടിച്ചുനില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ്, 13 സീറ്റില്‍ 177 പേരെ സ്ഥാനാര്‍ഥികളാക്കാനാകില്ലെന്ന് അമരീന്ദര്‍ സിങ് പറഞ്ഞത്. സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തുന്നതായും വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലെ പരിമിതികള്‍ മനസിലാക്കി സീറ്റു ലഭിക്കാതെ പോയ എല്ലാ നേതാക്കളും പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."