യമനില്‍ വിവാഹ ചടങ്ങിനിടെ ഹൂതി മിസൈല്‍ ആക്രമണം; കുട്ടികളടക്കം അഞ്ചു മരണം
റിയാദ്: സംഘര്‍ഷം തുടരുന്ന യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ വിവാഹ ചടങ്ങിനിടെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമാണ് ഉള്‍പ്പെട്ടത്. വടക്കു കിഴക്കന്‍ യമനിലെ അല്‍ ജൗഫ് പട്ടണത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഇവിടെ അല്‍ ഹസ്മിലെ ഒരു വിവാഹ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായുള്ള പൊതുപരിപാടിയിലേക്കാണ് മിസൈല്‍ പതിച്ചതെന്നു സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കത്യുഷ ഇനത്തില്‍പെട്ട റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവര്‍ മുഴുവനും സ്ത്രീകളും കുട്ടികളുമാണെന്നും പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മെഡിക്കല്‍ സംഘത്തെയും അല്‍ ജൗഫ് പബ്ലിക് ആശുപത്രിയെയും ഉദ്ധരിച്ചു യമന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."