കീഴ്മാട് മുള്ളംകുഴിയില്‍ പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് മുള്ളംകുഴിയില്‍ മുക്കാല്‍ കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച പൊതുശ്മശാനം കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മൃതദേഹം മറവുചെയ്യാന്‍ സൗകര്യമൊരുക്കുന്നത് മതേതരത്വത്തിന്റെ ആവിഷ്‌കാരമാണെന്ന് മന്ത്രി പറഞ്ഞു. അന്‍വര്‍സാദത്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി.എ. അബ്ദുള്‍മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, രമേശ് കാവലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോസ്റ്റ് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലിടല്‍ ചടങ്ങ് നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പും നിയമക്കുരുക്കിനെ തുടര്‍ന്നും നിര്‍മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഇതിനിടെ ഉദ്ഘാടനം തടയാനെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ കുട്ടമശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ജീവന്‍ നല്‍കിയും പൊതുശ്മശാനം ഉദ്ഘാടനം തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ ഡി.വൈ.എസ്.പി കെ.ജി. ബാബുകുമാര്‍, ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, പറവൂര്‍ സി.ഐ ക്രിസ്പിന്‍സാം, ആലുവ എസ്.ഐ ഇ.വി. കെഴ്‌സണ്‍, എടത്തല എസ്.ഐ പി.ജെ. നോബിള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മുള്ളന്‍കുഴിയില്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് ഗ്യാസിഫൈഡ് ക്രിമറ്റോറിയം പണികഴിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."