പൂച്ചയെ ചൂണ്ടി പുലിഭീതി സൃഷ്ടിക്കുന്നവരോട്
ജൂലൈ 10 ന് സംഘ്പരിവാര്‍ ജിഹ്വയായ ജന്മഭൂമി പത്രത്തിന്റെ മുന്‍പേജിലെ പ്രധാന തലവാചകം ഇങ്ങനെയായിരുന്നു: 'രാജ്യത്താകെ ഇസ്‌ലാമിക കോടതികള്‍ക്കു നീക്കം'. ഇതില്‍ 'ഇസ്‌ലാമിക കോടതി'യെന്ന ഭാഗം പച്ച മഷിയിലാണ്, ബാക്കി കറുപ്പും.
വിഷയങ്ങളെ എങ്ങനെയൊക്കെ വൈകാരികമായും സ്‌ഫോടനാത്മകമായും അവതരിപ്പിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ആശയക്കുഴപ്പവും സൃഷ്ടിക്കാമെന്ന ദുഷ്ടലാക്കിന്റെ മികച്ച ഉദാഹരണമായി ഇതിനെ കാണാം. ജന്മഭൂമി മാത്രമല്ല; സംഘ്പരിവാര്‍ അജന്‍ഡ ഉള്ളിലോ പുറത്തോ കാത്തുസൂക്ഷിക്കുന്ന ചില ദേശീയപത്രങ്ങളും ഇതേ കാഴ്ചപ്പാടാണു സ്വീകരിച്ചത്.
മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് പ്രതിനിധി അഡ്വ. സഫര്‍ യാബ് ജീലാനിയുടെ പത്രസമ്മേളന വാര്‍ത്തയില്‍ കയറിപ്പിടിച്ചാണു ജനങ്ങളില്‍ ഭീതിയും ആശങ്കയും മുസ്‌ലിംവിദ്വേഷവും ഉല്‍പ്പാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പല മാധ്യമങ്ങളും എരിവും പുളിയും ചേര്‍ത്തു നല്‍കിയത്.
ബി.ജെ.പി ജിഹ്വയിലെ റിപ്പോര്‍ട്ട് തുടങ്ങുന്നതു തന്നെ രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും അട്ടിമറിക്കാനുള്ള നീക്കവുമായി ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് രംഗത്തുവന്ന മുന്നറിയിപ്പുമായാണ്. അതിന് ഉശിരു പകരാനായി പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി, ഡോ. സുബ്രഹ്മണ്യംസ്വാമി തുടങ്ങിയവരുടെ വകയായി വിഷയം കത്തിക്കാന്‍ വേണ്ട വെടിമരുന്നുകളും ചേര്‍ത്തിട്ടുണ്ട്.
ഈ നീക്കം രാജ്യദ്രോഹപരമാണെന്നും ഇതിന്റെ പേരില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡിനെ നിരോധിക്കണമെന്നും വരെ സ്വാമി പറഞ്ഞുവയ്ക്കുന്നുണ്ട്. മുന്‍പ് ഇസ്‌ലാമിക് ബാങ്കിങ്ങെന്ന ആശയം ഇന്ത്യയിലെ പ്രമുഖ ധനകാര്യ വിദഗ്ധന്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരേ കേസ് ഫയല്‍ ചെയ്തു പ്രശ്‌നം സങ്കീര്‍ണമാക്കിയ ക്രെഡിറ്റ് കൂടിയുള്ളയാളാണു സ്വാമി.
സത്യത്തില്‍, എന്താണിവിടെ സംഭവിച്ചത്. ശരീഅത്ത് കോടതി അഥവാ 'ദാറുല്‍ ഖദാ'യെന്ന ആശയം പുതിയതല്ല. ഇന്ത്യയില്‍ 40 സ്ഥലങ്ങളില്‍ നിലവിലുള്ള സംവിധാനമാണ്. അത് രാജ്യത്തെ ഓരോ ജില്ലയിലും സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ചാണു ബോര്‍ഡ് പ്രതിനിധി വിശദീകരിച്ചത്.
ഇന്ത്യയിലാദ്യമായി ഈ സംവിധാനം വ്യവസ്ഥാപിതമായി നിലവില്‍ വന്നത് 1921 ലാണ്. ബിഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയ്ക്കടുത്ത ഫുല്‍വാരി ശരീഫില്‍ 'ഇമാറയേ ശരീഅ ബീഹാര്‍ വ ഒറീസാ' എന്ന പേരിലുള്ള ആ സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു കറകളഞ്ഞ ദേശീയവാദിയും സ്വാതന്ത്ര്യസമര സേനാനിയുമായ മൗലാനാ അബുല്‍ കലാം ആസാദ് അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രമുഖരാണ്.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആ സ്ഥാപനം ജാര്‍ഖണ്ഡ് അടക്കമുള്ള മൂന്നു സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്കു പ്രത്യേകമായും മറ്റിടങ്ങളിലെ മുസ്‌ലിംകള്‍ക്കു പൊതുവിലും പ്രശ്‌നപരിഹാരത്തിനു സഹായം നല്‍കിവരുന്നുണ്ട്. നൂറുകണക്കിനു കേസുകള്‍ കൈകാര്യം ചെയ്ത ഇവിടത്തെ ഒരു വിധിയോ നടപടിയോ വിവാദമായിട്ടില്ല. അതേസമയം, നീതിക്കായി ന്യായാലയങ്ങളുടെ വാതിലുകളില്‍ മുട്ടി നിരാശരായ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഈ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
ഇവിടെ കോടതിയെന്ന പേരുകേട്ടു പ്രകോപിതരായി ചാടിവീഴുന്നവര്‍ അവിടെ നടക്കുന്നതെന്താണെന്നു മനസിലാക്കാനുള്ള ക്ഷമയും സൗമനസ്യവും കാണിക്കണം. മുസ്‌ലിം വ്യക്തിനിയമത്തിലൂടെ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അനുവദിച്ചു കിട്ടിയ സിവില്‍ കേസുകളില്‍ മാത്രമാണവിടെ തീര്‍പ്പുകല്‍പ്പിക്കുന്നത്. വിവാഹം, വിവാഹമോചനം, മരണാനന്തര സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ പാവപ്പെട്ട മുസ്‌ലിംകുടുംബങ്ങള്‍ കോടതി വരാന്തകളില്‍ ചുറ്റിത്തിരിഞ്ഞും കെട്ടിക്കുടുങ്ങിയും ഹതാശരും പരിഹാസ്യരുമായി മാറുന്ന പ്രവണതയ്ക്കു പൂര്‍ണമായി അറുതി വരുത്താനായില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന വിശ്വാസമാണു ബന്ധപ്പെട്ടവരെ ഇതിനു പ്രേരിപ്പിക്കുന്നത്.
ലളിതമായ ഭാഷയില്‍ ഒത്തുതീര്‍പ്പു സമിതിയെന്നോ മസ്‌ലഹത് കമ്മിറ്റിയെന്നോ പറയാവുന്ന സാധാരണ ഏര്‍പ്പാട്! ഒരു സ്ഥലത്ത് അതു സ്ഥാപിക്കാന്‍ 50,000 രൂപ മതിയെന്ന ജീലാനിയുടെ വിവരണത്തില്‍ നിന്നു തന്നെ അതിന്റെ നിലവാരവും വലിപ്പവും ഊഹിക്കാമല്ലോ. ഇത്തരമൊരു സംവിധാനത്തിന്റെ പേരില്‍ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കാനുള്ള നീക്കമെന്നു ബഹളം കൂട്ടുന്നവര്‍, പൂച്ചയെ ചൂണ്ടി പുലിയാണെന്ന പ്രതീതി സൃഷ്ടിച്ചു ആളെക്കൂട്ടാന്‍ ശ്രമിക്കുന്നവരുടെ വേലയാണു കാണിക്കുന്നത്.
ദാറുല്‍ ഖദാ എന്നോ ദാറുല്‍ ഇഫ്താ എന്നോ അറിയപ്പെടുന്ന ഈ സംവിധാനം നിലവില്‍ ദാറുല്‍ ഉലൂം ദയൂബന്ദ്, ലഖ്‌നൗ നദ്‌വതുല്‍ ഉലമാ തുടങ്ങി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനുബന്ധമായി പതിറ്റാണ്ടുകളായി വിവാദങ്ങളില്ലാതെ നടന്നുവരുന്നുണ്ട്. കേരളത്തില്‍ വിവിധ സംയുക്ത ഖാസിമാര്‍ അവരുടെ ഖാസി ഹൗസുകളിലൂടെ നിര്‍വഹിക്കുന്നതും ഇതേ സേവനം തന്നെയാണ്.
കോടതിയെന്നും ജഡ്ജിയെന്നും പേരു നല്‍കുന്നതാണു പ്രശ്‌നമെങ്കില്‍ ഒരു കാര്യം പറയട്ടെ. ഇവിടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ കോളജുകളും യൂനിവേഴ്‌സിറ്റികളുമുണ്ട്. അവിടങ്ങളില്‍ ചാന്‍സലര്‍മാരും പ്രിന്‍സിപ്പല്‍മാരും പ്രൊഫസര്‍മാരുമുണ്ട്. ഈ പ്രയോഗങ്ങളിലൊന്നും ആരും അസാംഗത്യം കണ്ടെത്താറില്ല! നിയമരംഗത്തെ 'ടേംസുകള്‍'ക്കു മാത്രം പ്രത്യേക പരിപാവനതയുണ്ടോ.
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയായി ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതു പൂര്‍ണമായി നിര്‍വഹിക്കാന്‍ സര്‍ക്കാരിനു കഴിയാറില്ല. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയാണ് ഒരു പരിധിവരെ അതിനു പരിഹാരം കാണുന്നത്. എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ചുമതലയാണ്. അതും നേരാംവണ്ണം നടത്തിക്കൊടുക്കാന്‍ സര്‍ക്കാരുകള്‍ക്കു പരിമിതിയുണ്ട്. സ്വകാര്യ സംരംഭകരാണ് ഈ ദൗത്യവും വലിയൊരളവില്‍ സഫലമാക്കുന്നത്.
നമ്മുടെ രാജ്യത്തെ നീതിന്യായരംഗത്തെ അവസ്ഥ ദയനീയമാണ്. 2012 ലെ കണക്കുപ്രകാരം കശ്മിര്‍ ഒഴികെ രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 3,13, 69,568 ആണ്. സുപ്രിംകോടതിയില്‍ മാത്രം 58,519 കേസുകള്‍ കെട്ടിക്കിടക്കുന്നു. ഹൈക്കോടതികളില്‍ 43, 24,742. ബാക്കി മറ്റു കോടതികളിലും. ഇതില്‍ 79,98,351 കേസുകള്‍ അഞ്ചു വര്‍ഷമായി മാറ്റിവച്ചുകൊണ്ടിരിക്കുന്നവയാണ്. ഈ കണക്കനുസരിച്ച്, 2040 ആകുമ്പോഴേയ്ക്കു കേസുകളുടെ എണ്ണം 15 കോടി കവിയും. മുടങ്ങിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 320 വര്‍ഷം വേണ്ടിവരുമെന്ന് ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസായിരുന്ന വി.വി റാവു പറയുന്നു.
വൈകി ലഭിക്കുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്നാണു രാജ്യത്തിന്റെ കാഴ്ചപ്പാടെങ്കിലും ഇവിടെ നീതിയുടെ വണ്ടി എന്നും എത്രയോ വൈകിയാണോടുന്നതെന്ന വസ്തുത നിഷേധിക്കാനാവില്ല. ഇത്തരമൊരു ഘട്ടത്തില്‍ ഏതെങ്കിലും വിഭാഗം അവരില്‍പ്പെട്ടവര്‍ക്കു വേണ്ടി മാത്രം, അനുവദിക്കപ്പെട്ട വിഷയങ്ങളില്‍ പ്രശ്‌നം തീര്‍ക്കാനും അര്‍ഹമായ നീതിക്കു വേണ്ടിയുള്ള വാതില്‍ തുറന്നു കൊടുക്കാനും മുന്നോട്ടു വന്നാല്‍ അഭിനന്ദിക്കാനായില്ലെങ്കില്‍ ആക്ഷേപിക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടേ. വലിയൊരു രാജ്യസേവനമാണവര്‍ ചെയ്യുന്നതെന്നു തിരിച്ചറിയാന്‍ വൈരനിര്യാതന ബുദ്ധി മാറ്റിവച്ചാല്‍ മതി.
ഇനി, നിയമത്തിന്റെ നാള്‍വഴിയിലൂടെ തിരിഞ്ഞു നടക്കാന്‍ കൂടി ക്ഷണിക്കുകയാണ്. ഈ നീക്കത്തിന്റെ പേരില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡിനെ നിരോധിക്കണമെന്നുവരെ ആക്രോശിച്ച ഡോ. സ്വാമിക്ക് നിയമവ്യവഹാര രംഗത്തെ ഈ ഗതകാല സംഭവമൊന്നും അജ്ഞാതമാകാന്‍ വഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരേ കിട്ടുന്ന നിയമത്തിന്റെ ഏതു വൈക്കോല്‍ തുരുമ്പും ആഞ്ഞുവീശാന്‍ തത്രപ്പെടുക വഴി 'ശല്യക്കാരനായ വ്യവഹാരി ' എന്ന അപരനാമത്തിന് അര്‍ഹനാണദ്ദേഹം.
2005 ല്‍ വിശ്വലോചന്‍ മദന്‍ എന്ന ഹിന്ദു സുഹൃത്ത്, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ദാറുല്‍ ഉലൂം ദയൂബന്ദ് , ഇമാറ ശരീഅ ഫുല്‍ വാരി ശരീഫ്, പാറ്റ്‌ന, മധ്യ പ്രദേശ്, യു പി സര്‍ക്കാരുകള്‍ എന്നിവരെ പ്രതിചേര്‍ത്തു ദാറുല്‍ ഖദാ ദാറുല്‍ ഇഫ്താ തുടങ്ങിയവയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2014 ജൂലൈ ഏഴിന് ആ ഹരജി തള്ളിക്കൊണ്ടു സുപ്രിംകോടതി നടത്തിയ വിധിയുടെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുന്നു.
'നമ്മുടെ ഭരണഘടനാ ചട്ടക്കൂടിന്റെ അകത്തല്ലെങ്കിലും അതിന്റെ പേരില്‍ ദാറുല്‍ ഖദാ നടത്തുക അല്ലെങ്കില്‍ ഫത്വ നല്‍കുക നിയമവിരുദ്ധമായി കണക്കാക്കാനാവില്ല. നീതി ലഭ്യമാക്കാനുള്ള അനൗപചാരിക രീതിയാണിത്. ഇരു കക്ഷികളെയും സൗഹൃദപരമായ ഒത്തുതീര്‍പ്പിലേയ്ക്കു നയിക്കുകയാണിവയുടെ ലക്ഷ്യം.'
ചുരുക്കത്തില്‍, മുസ്‌ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ സ്വന്തം ചെലവില്‍, സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തുന്ന സംവിധാനമാണിത്. ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്ക് അവര്‍ക്കിടയില്‍ തന്നെ പരിഹാരം കാണാന്‍ അമുസ്‌ലിം ഭരണകൂടങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രത്യേകം ഓഫിസര്‍മാരെയും സമിതികളെയും നിയമിച്ചിരുന്നുവെന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. 'ഹുനര്‍ മന്ദ് 'എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
റോം, ചൈന, ഇന്ത്യ, തുര്‍ക്ക്മനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ഇത്തരം അവകാശം അനുഭവിച്ചിരുന്നതായി പുരാതന ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തിയ അറബ് സഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ക്കു സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ ഇന്‍ഡോ അറബ് ബന്ധങ്ങള്‍ എന്ന ഗ്രന്ഥം കാണുക, മലയാള വിവര്‍ത്തനം, വിചാരം ബുക്‌സ് തൃശൂര്‍ 2015). ബ്രിട്ടിഷ് ഭരണകൂടമാണല്ലാ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിരക്ഷിച്ചു കൊണ്ടുള്ള മുസ്‌ലിം പേഴ്‌സണല്‍ ലോ 1937 ല്‍ പാസാക്കിയത്.
അപ്പോള്‍ ചരിത്രപരമായോ നിയമപരമായോ അനൗചിത്യമില്ലാത്ത ഒന്നിന്റെ പേരില്‍ അനാവശ്യവിവാദങ്ങള്‍ കുത്തിപ്പൊക്കി നിലവില്‍ത്തന്നെ കലുഷിതമായ ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നവരെ രാജ്യസ്‌നേഹികളെന്നു വിളിക്കാനാവുമോ?.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."