എം.ജി വി.സിയെ അയോഗ്യനാക്കിയ നടപടി സുപ്രിം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയ സുപ്രിം കോടതി, ബാബു സെബാസ്റ്റ്യന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും നിരീക്ഷിച്ചു.
ബാബു സെബാസ്റ്റ്യനും മറ്റുകക്ഷികളും ഈമാസം 23ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കേസില്‍ അടുത്തമാസം അഞ്ചിനകം ഹൈക്കോടതി വിധി പുറപ്പെടുവിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. അയോഗ്യനാക്കിയതിനെതിരേ ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹരജി പരിഗണിച്ച് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.
2014 ഓഗസ്റ്റില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറായി ബാബു സെബാസ്റ്റ്യനെ നിയമിച്ചത്. മതിയായ യോഗ്യതയില്ലാത്തതിനാല്‍ ബാബു സെബാസ്റ്റിയനെ വി.സി പദവിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി സ്വദേശി പ്രേംകുമാര്‍ നല്‍കിയ ഹരജി പരിഗണിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കി ഉത്തരവിട്ടത്.
2010ലെ യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വകലാശാലയിലോ ഏതെങ്കിലും ഗവേഷണ, അക്കാദമിക് സ്ഥാപനത്തിലോ 10 വര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരിക്കണമെന്നാണ് വൈസ് ചാന്‍സിലര്‍ പദവിക്കുള്ള മാനദണ്ഡം. ഇതുപ്രകാരമുള്ള യോഗ്യത ബാബു സെബാസ്റ്റ്യന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍ യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു സെബാസ്റ്റ്യന്‍ സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."