മൂന്നു ലക്ഷം വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍; ഇല്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: കെ.എസ്.ഇ.ബി വെബ്‌സൈറ്റിന്റെ സുരക്ഷയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍. കെ.എസ്.ഇ.ബിയുടെ മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കിങ് ഗ്രൂപ്പായ കെ ഹാക്കേഴ്‌സാണ് രംഗത്തെത്തിയത്.
വിവരങ്ങള്‍ വിഡിയോ ആയി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചുകോടി വിപണി വില വരുന്ന വിവരങ്ങളാണ് കൈയിലുള്ളതെന്നും മൂന്നുമാസത്തിനകം വിവരച്ചോര്‍ച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കില്‍ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, കണക്റ്റഡ് ലോഡ് തുടങ്ങിയവയാണ് ചോര്‍ത്തിയത്. എന്നാല്‍ വിവരച്ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബില്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും രഹസ്യ വിവരങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കെ.എസ്. ഇ.ബി അറിയിച്ചു.
കെ.എസ്.ഇ.ബി വെബ്‌സൈറ്റിന് ഹാക്കിങ്
ഭീഷണി മൂന്നാംതവണ
കൊച്ചി: കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഹാക്കര്‍മാരുടെ ഇരയാകുന്നത് ഇത് മൂന്നാം തവണ. സംസ്ഥാന ഐ.ടി മിഷന്‍ നടത്തുന്ന വെബ്‌സൈറ്റിന്റെ സുരക്ഷാ പാളിച്ചകളിലേക്ക് വെളിച്ചം വീശുന്നതാണ് തുടരെയുള്ള ഹാക്കര്‍മാരുടെ ഈ കടന്നുകയറ്റം.
വിദേശ ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതെന്നാണ് ഔദ്യോഗികമായി വിശദീകരികപ്പെടുന്നതെങ്കിലും കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള ഹാക്കര്‍മാരുടെ സംഘത്തിലേക്കും പുതിയ സംഭവം വിരല്‍ചൂണ്ടുന്നുണ്ട്.
മുന്‍പ് ഉക്രൈനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ കെ.എസ്.ഇ.ബി.യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ഇവര്‍ വിവരങ്ങള്‍ കവര്‍ന്നതായി അവകാശപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കി 2011ഓടെ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി.
2012 ഓഗസ്റ്റ് 20ന് കെ.എസ്.ഇ.ബി വെബ്‌സൈറ്റ് വീണ്ടും ഹാക്കിങിന് ഇരയായി. ഒരു ദിവസത്തിലേറെ സമയമെടുത്താണ് വെബ്‌സൈറ്റ് പഴയപടി പ്രവര്‍ത്തന സജ്ജമാക്കിയത്. കോഴിക്കോട് ആസ്ഥാനമായ ഐ.ടി വിഭാഗം കണ്ടെത്തിയത് ഇന്തോനേഷ്യന്‍ ഹാക്കര്‍ സംഘമാണ് കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ്.
ഹാക്ക്ഡ് ബൈ ഡിബോയ്‌സ് വി.വി.ഐ.പി (റിലെക്‌സ്‌ക്രൂ) എന്ന സംഘടനയുടെ വിവരങ്ങളായിരുന്നു സൈറ്റില്‍ കാണപ്പെട്ടത്.
2015 ഡിസംബറില്‍ സമാനമായ ഒരു ഹാക്കിങ് ഉക്രൈനിലെ ഊര്‍ജമേഖലയിലുണ്ടായി. അന്ന് വിദേശ ഹാക്കര്‍മാര്‍ ഉക്രൈനിന്റെ പവര്‍ ഗ്രിഡ് ആക്രമണത്തിലൂടെ അവിടുത്തെ വൈദ്യുതി ശൃംഖല തന്നെ തകര്‍ത്തുകളഞ്ഞ് ആ രാജ്യത്തെ അന്ധകാരത്തിലാക്കിയിരുന്നു.
വെബ്‌സൈറ്റിനുണ്ടാകുന്ന സുരക്ഷാ വീഴ്ച ഇനി ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലെത്താതെ സൂക്ഷിക്കേണ്ട ബാധ്യത കെ.എസ്.ഇ.ബിക്കും ഐ.ടി മിഷനുമാണ്.
കര്‍ണാടകയില്‍ ഇതിനുസമാനമായ സംഭവം 2012 ഓഗസ്റ്റില്‍ ഉണ്ടായി. തുടര്‍ന്ന് സുരക്ഷാവീഴ്ച പരിഹരിച്ച് ഭാവിയില്‍ ആക്രമണം തടയാനായി അവര്‍ സൈബര്‍ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."