ചാമക്കളത്ത് മുപ്പതോളം ആദിവാസി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ മാലോം വില്ലേജില്‍ ചാമക്കളത്തെ മുപ്പതോളംവരുന്ന ആദിവാസി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്നാണ് വനംവകുപ്പ് അധികൃതര്‍ കുടിയിറങ്ങാന്‍ ആവശ്യപ്പെട്ടത്. 1976 ലാണ് ചാമക്കളത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് ഭൂരഹിതരായ 32 കുടുംബങ്ങള്‍ക്കായി റി. സ 5882ല്‍ പ്പെട്ട 32.23 ഏക്കര്‍ സ്ഥലം അന്നത്തെ കണ്ണൂര്‍ ജില്ല കളക്ടര്‍ പതിച്ചുല്‍കിയത്.
അന്ന് തൊട്ട് ഭൂനികുതിയും അടച്ച് കൃഷിയും ചെയ്ത് ജീവിക്കുന്ന കുടുംബങ്ങളോടാണ് നാല് പതിറ്റാണ്ടിന് ശേഷം വനംവകുപ്പ് സ്ഥലം വിട്ടുനല്‍കാന്‍ ആവശ്യപ്പെടുന്നത്. പതിച്ചു നല്‍കിയ സ്ഥലം വനഭൂമിയാണെന്നാണ് അധികൃതരുടെ വാദം.ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ ജന്മിമാരുടെ കൈവശമുണ്ടായിരുന്ന അധികഭൂമിയാണ് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയത്.ആദ്യകാലത്ത് ഭൂമി ലഭിച്ച പലരും ഈ മലമുകളില്‍ കാട്ടുമൃഗങ്ങളോട് പടപൊരുതാന്‍ കഴിയാതെ തിരിച്ചുപോയി. പോകാന്‍ മറ്റിടങ്ങളില്ലാത്ത മറ്റ് കുടുംബങ്ങള്‍ പിടിച്ചുനിന്നു.
ഇന്ന് പതിച്ചുകിട്ടിവയവരും പലരില്‍ നിന്നായി സ്ഥലംവാങ്ങിയവരും അടക്കം 30 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും ആദിവാസി കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഇവിടെ തെങ്ങ്,കവുങ്ങ്,റബര്‍ തുടങ്ങിയ കൃഷി ചെയ്താണ് ഇവര്‍ ജീവിച്ചുപോന്നത്. അന്ന് സര്‍ക്കാരിനെ കബളിപ്പിച്ചു കൈവശം വെച്ച ഭൂമി സംരക്ഷിക്കാന്‍ ചില ഭൂവുടമകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്ന നീക്കമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ ആരോപിക്കുന്നു.
സമീപത്തെ വന്‍കിട ഭൂവുടമകളെ സഹായിക്കാനാണ് തങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കുടിയിറക്ക് ഭീഷണി അറിഞ്ഞു കഴിഞ്ഞ ദിവസം എം രാജഗോപാലന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. പട്ടിക വര്‍ഗ ക്ഷേമ മന്ത്രി,വനംവകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്‌നംപരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് എം. എല്‍. എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."