കണ്ണൂര്‍ ജില്ലയെ രണ്ട് എസ്.പിമാര്‍ നയിക്കും
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയെ ഇനി രണ്ട് ഐ.പി.എസുകാര്‍ നയിക്കും. രാഷ്ട്രീയ ആക്രമണങ്ങളും മാവോവാദി ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ പൊലിസ് ജില്ലയെ രണ്ടായി വിഭജിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് നല്കിയ ശുപാര്‍ശക്ക് നാളെ നടക്കുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. രാഷ്ട്രീയ ആക്രമണം സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന പൊലിസ് സ്റ്റേഷനുകളെയും എയര്‍പോര്‍ട്ടും ഉള്‍പ്പെടുത്തി കണ്ണൂര്‍ സിറ്റിയും മാവോവാദി ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ റൂറല്‍ എന്നീ പൊലിസ് ജില്ലകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ജില്ലക്കായി രണ്ട് എസ്.പിമാരെ നിയമിക്കും.
കണ്ണൂര്‍, തലശേരി, ഇരിട്ടി, തളിപ്പറമ്പ് എന്നീ സബ് ഡിവിഷനുകളില്‍ ഡി.വൈ.എസ്.പിമാരുടെ കീഴില്‍ 13 പൊലിസ് സര്‍ക്കിളുകളിലായി 42 പൊലിസ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊലിസ് ജില്ലയാണ് കണ്ണൂര്‍.
കണ്ണൂര്‍, തലശ്ശേരി എന്നീ സബ്ഡിവിഷനുകളില്‍ പെട്ട 23 പൊലിസ് സ്റ്റേഷനുകളാണ് കണ്ണൂര്‍ സിറ്റിയുടെ കീഴില്‍ വരിക. ഇരിട്ടി, തളിപ്പറമ്പ് എന്നീ സബ്ഡിവിഷനുകളില്‍ പെട്ട 19 പൊലിസ് സ്റ്റേഷനുകള്‍ കണ്ണൂര്‍ റൂറലിനു കീഴില്‍ വരും. കണ്ണൂര്‍ സിറ്റി, മട്ടന്നൂര്‍, എയര്‍പോര്‍ട്ട്, വളപട്ടണം, തലശേരി, ധര്‍മ്മടം, പിണറായി, ന്യൂമാഹി, പാനൂര്‍, കൊളവള്ളൂര്‍, കൂത്തുപറമ്പ്, കതിരൂര്‍ എന്നീ പ്രധാനപ്പെട്ട പൊലിസ് സ്റ്റേഷനുകള്‍ സിറ്റി പൊലിസിന്റെ കീഴില്‍ വരും.
മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, കണ്ണവം, പേരാവൂര്‍, കേളകം, പെരിങ്ങോം, ചെറുപുഴ, ആക്കോട്, കുടിയാന്മല, പയ്യാവൂര്‍ എന്നീ പൊലിസ് സ്റ്റേഷനുകള്‍ കണ്ണൂര്‍ റൂറലിന് കീഴിലാകും. 14 ജില്ലകളിലായി 19 പൊലിസ് ജില്ലകളാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ ജില്ല വിഭജിക്കുന്നതോടെ ഇത് 20 ആയി മാറും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രണ്ട് പൊലിസ് ജില്ലകളായി വിഭജിച്ചിട്ടുള്ളത്. 2012 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനായ ജി.ശിവവിക്രമാണ് ഇപ്പോള്‍ കണ്ണൂര്‍ പൊലിസ് മേധാവി. ഇദ്ദേഹത്തെ കണ്ണൂര്‍ സിറ്റി കമ്മിഷനറാക്കും. മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനെ റൂറല്‍ എസ്.പിയായും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."