കൊച്ചി മെട്രൊ: ഓട്ടോറിക്ഷകളും ഭാഗമാകുന്നു
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ ഓട്ടോറിക്ഷ യൂനിയനുകളുമായി കൊച്ചി മെട്രൊ കൈകോര്‍ക്കുന്നു. വിശാല കൊച്ചിയില്‍ ഓടുന്ന 15000 ഓട്ടോകളെ ഉള്‍പ്പെടുത്തി കമ്പനിയോ സൊസൈറ്റിയോ രൂപീകരിക്കാനാണു പദ്ധതി.
ജി.പി.എസ് ട്രാക്കിങ്, മൊബൈല്‍ യാത്രാ പ്ലാനര്‍, സ്മാര്‍ട് കാര്‍ഡ് ടിക്കറ്റിങ് എന്നീ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ഏക ഓപ്പറേറ്റിങ് മോഡിലാണു പദ്ധതി പ്രവര്‍ത്തിക്കുക. ജില്ലാ ഓട്ടോറിക്ഷാ യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിക്കാണു പ്രവര്‍ത്തന ചുമതല. എല്ലാ പ്രധാന യൂനിയനുകള്‍ക്കും പ്രാതിനിധ്യം നല്‍കിയാണു കമ്പനി രൂപീകരിക്കുന്നത്.
നഗരഗതാഗതനിയമത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതിയുടെ നടത്തിപ്പ്. മെയ് പത്തിനകം യൂനിയനുകള്‍ പ്രാദേശിക ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ ഘടകങ്ങളുമായി ആലോചിച്ചു നയം രൂപീകരിക്കും.
മെട്രൊ ട്രെയിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കു നിശ്ചിത സ്ഥലങ്ങളിലെത്താന്‍ പ്രധാന റോഡുകളേക്കാള്‍ ഇടറോഡുകളും സമാന്തര റോഡുകളും ആശ്രയിക്കേണ്ടിവരുന്നതിനാല്‍ മെട്രൊ-ഓട്ടോറിക്ഷാ സഹകരണ പദ്ധതി നഗരഗതാഗത രംഗത്തു വിപ്ലവം സൃഷ്ടിക്കുമെന്നു കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച മെയ് രണ്ടിനു നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷ കോ-ഓഡിനേഷന്‍ കമ്മിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കു ശേഷം മെയ് 30നകം കമ്പനി രജിസ്റ്റര്‍ ചെയ്യുകയോ സൊസൈറ്റി രൂപീകരിക്കുകയോ ചെയ്യണം. കമ്പനിയുടെ പേരും ലോഗോയും ഓട്ടോറിക്ഷകളുടെ ഡിസൈനും ഡ്രൈവര്‍മാരുടെ യൂനിഫോമും കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കും.
മൂന്നു തരത്തിലുള്ള സര്‍വീസാണ് മെട്രോ ഓട്ടോയുടെ പദ്ധതിയില്‍ വരുന്നത്. സാധാരണ രീതിയില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഓട്ടോ ടാക്‌സി( ഹൈര്‍ ഓട്ടോ), ആപ്പ് സഹായത്തില്‍ യാത്രക്കാരെ വീടുകളില്‍ നിന്നു പിക്ക് ചെയ്യുന്ന സ്മാര്‍ട് ഓട്ടോ, ചെറുറോഡുകളില്‍ നിന്നു യാത്രക്കാരെ എത്തിക്കുന്ന ഫീഡര്‍ ഓട്ടോ എന്നിങ്ങനെയുള്ളതാണു പദ്ധതി. കളമശേരി എസ്.സി.എം.എസിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന സാങ്കേതിക സഹായത്തോടെ കൊച്ചി, മെട്രൊ, ജല മെട്രൊ, മെട്രൊ ബസുകള്‍ എന്നിവ ബന്ധപ്പെടുത്തിയുള്ള യാത്രാറൂട്ടുകള്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കും. ഓട്ടോ ഡ്രൈവറും ഉടമയും കൈകോര്‍ക്കുന്ന തരത്തിലുള്ള പ്രൊഫഷണല്‍ ഓപ്പറേറ്റിങ് യൂനിറ്റിനു കീഴിലാണു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."