വേനല്‍ മഴയും തുണച്ചില്ല; പാറക്കൂട്ടമായി ഗായത്രിപ്പുഴ
സുനു ചന്ദ്രന്‍ ആലത്തൂര്‍
ആലത്തൂര്‍: പാറപ്പരപ്പിനും പാഴ്‌ച്ചെടികള്‍ക്കുമിടയിലുള്ള ചെറിയ ചാലുകളും വറ്റിയതോടെ ഗായത്രിപ്പുഴ പാറക്കൂട്ടമായി.വേനല്‍ മഴയും ശക്തമായി കിട്ടാതായതോടെ മരുഭൂമി പോലെ പരന്നു കിടക്കുന്ന പുഴപ്പരപ്പ്. വേനലെത്തും മുമ്പേ പുഴയിലെ തടയണകളില്‍ ജലനിരപ്പ് വളരെ താഴ്ന്നിരുന്നു. ഇപ്പോള്‍ കൊടും വരള്‍ച്ചയുടെ മുന്നറിയിപ്പായി പുഴയിലെ ചരല്‍ക്കുഴികളും ഉണങ്ങി. തുലാവര്‍ഷം ചതിച്ചതോടെ പുഴ നേരത്തേ വരണ്ടു തുടങ്ങിയിരുന്നു.
ഓരോ മഴക്കാലം കഴിയുമ്പോഴും പുഴയുടെ നീരൊഴുക്ക് കുറയുകയാണ്. ചേരമംഗലം മുതല്‍ ചീരക്കുഴി വരെ ഇരുപത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണു പുഴ ഒഴുകുന്നത്. വിവിധ മേഖലകളിലായി ഇരുപതോളം തടയണകളുണ്ട്. നിരവധി പഞ്ചായത്തുകളുടെ പ്രധാനപ്പെട്ട കുടിവെള്ള പദ്ധതികളെല്ലാം ഈ തടയണകളെ ആശ്രയിച്ചാണിരിക്കുന്നത്. ആനമലയില്‍ നിന്ന് നീര്‍ച്ചാലായി ആരംഭിച്ച് കൊല്ലങ്കോട്, നെന്മാറ, കുനിശ്ശേരി, ആലത്തൂര്‍, കാവശ്ശേരി, പാടൂര്‍, പഴമ്പാലക്കോട്, പഴയന്നൂര്‍ വഴി മായന്നൂരിലാണ് ഗായത്രി പുഴ ഭാരതപ്പുഴയില്‍ ചേരുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍,ആലത്തൂര്‍ താലൂക്കുകളിലും തൃശൂര്‍ ജില്ലയിലും കൂടി നാല്‍പത് കിലോമീറ്ററോളം നീളത്തിലാണ് പുഴ ഒഴുകുന്നത്.
പുഴ കയ്യേറ്റം ഒഴിപ്പിക്കല്‍ ആലോചനയില്‍ ഒതുങ്ങി.വന്‍തോതിലുള്ള കയ്യേറ്റമാണ് പുഴയുടെ മേല്‍ ഉണ്ടായിട്ടുള്ളതെന്ന് 2014ല്‍ കേരള സംസ്ഥാന ഭൂനവിനിയോഗ ബോര്‍ഡ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.'മരണാസന്നം' എന്ന വാക്കാണ് പുഴയുടെ സ്ഥിതിയെപ്പറ്റി റിപ്പോര്‍ട്ടിലുള്ള വിശേഷണം.കയ്യേറ്റത്താല്‍ പുഴയുടെ വീതി പലയിടത്തും കുറഞ്ഞിട്ടുള്ളത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. കൃഷിയിടങ്ങളാക്കി പരിവര്‍ത്തനം ചെയ്യപ്പെട്ടതും ചെങ്കല്‍ ചൂളകള്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥലം ഇതില്‍ ഉള്‍പ്പെടും.സ്വകാര്യ സ്ഥാപനങ്ങള്‍ കയ്യേറി മാലിന്യ സംസ്‌കരണ സംഭരണി സ്ഥാപിച്ച ഇടങ്ങള്‍ വരെയുണ്ട്. പത്ര വാര്‍ത്തകളും ജനകീയ പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ഉദ്യോഗസ്ഥ,രാഷ്ട്രീയ ഒത്തു തീര്‍പ്പുകളില്‍ അവയെല്ലാം ഒതുക്കി. ആശുപത്രികളിലെ മാലിന്യം പുഴയില്‍ കലരുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍. ഈ സ്ഥിതിയാണ് തുടരുന്നതെങ്കില്‍ അടുത്ത ഒന്നോ രണ്ടോ ആഴ്ച മാത്രമേ തടയണകളിലെ വെള്ളം കുടിവെള്ള വിതരണത്തിന് ലഭ്യമാവൂ.
വനനശീകരണം മൂലം ഗായത്രിപ്പുഴയുടെ ഉപനദികളായ മംഗലം, പോത്തുണ്ടി എന്നിവയുടെ വൃഷ്ടി പ്രദേശങ്ങളിലെ നീര്‍ത്തടങ്ങളും നിലയ്ക്കുകയാണ്. പുഴയോരം കയ്യേറി കൈവശം വച്ചിരിക്കുന്നവരെ ഒഴിപ്പിക്കുന്നതും പൂര്‍ത്തിയായില്ല. മൂന്ന് വര്‍ഷം മുമ്പ് പ്രത്യേക സര്‍വ്വേ സംഘം നടത്തിയ പരിശോധനയില്‍ ചേരാമംഗലം മുതല്‍ തൃപ്പാളൂര്‍ വരെ കയ്യേറ്റം കണ്ടെത്തിയിരുന്നു. തുലാവര്‍ഷം കനിഞ്ഞില്ലെങ്കിലും കാര്‍ഷികാവശ്യത്തിനായി ഗായത്രി പുഴയിലേക്കു വിടുന്ന മലമ്പുഴ വെള്ളം ഒഴുകി തടയണകളുടെ ജലവിതാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കുറി പ്രളയത്തിനു ശേഷമുണ്ടായ കാലാവസ്ഥ വ്യതിയാനം പുഴ നേരത്തേ വറ്റാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."