ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊല്ലം: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പുതപ്പ് കച്ചവടക്കാരനായ ഇതര സംസ്ഥാനക്കാരന്‍ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച ശേഷം വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ ആണ് ഇക്കാര്യമറിയിച്ചത്. കൊട്ടാരക്കര സി.ഐയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡോ. ഷാഹിദാ കമാല്‍ നേരിട്ട് യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ യുവതിയെ ചികിത്സിക്കുന്ന ഡോക്‌റോടും വിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് വനിതാ കമ്മിഷന്‍ അംഗം മടങ്ങിയത്. ജനപ്രതിനിധികളായ രത്‌നമണി, ധന്യാസുരേഷ്, സിന്ധുസുരേഷ്, പ്രീതാ സുദര്‍ശനന്‍, അനോജ് കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സോനു എസ്. നായര്‍ എന്നിവരും ഡോ. ഷാഹിദാ കമാലിനോടൊപ്പമുണ്ടായിരുന്നു.
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ നൂര്‍ മുഹമ്മദിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതപ്പ് വില്‍ക്കാനെത്തിയ ഇയാള്‍ വീട്ടിനകത്ത് കയറി യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. കട്ടിലിലേക്ക് തളളിയിടുകയും ചെയ്തു. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കടന്നുകളഞ്ഞ അക്രമി നൂര്‍ മുഹമ്മദിനെ പൊലിസ് പിന്നീട് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."