HOME
DETAILS
MAL
ഫാം ഉടമയുടെ മരണം: വനംവകുപ്പിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്
backup
August 03 2020 | 03:08 AM
തിരുവല്ല: റാന്നി ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായി മരിച്ച സംഭവത്തില്‍ വനംവകുപ്പിന് വീഴ്ചയെന്ന വിലയിരുത്തലില്‍ ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ചിറ്റാര്‍ വനം സ്റ്റേഷനിലെ രേഖകളുടെ ആദ്യഘട്ട പരിശോധനയിലാണ് കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് ഉദ്യോഗസ്ഥരില്‍ നാലുപേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഒരു താല്‍ക്കാലിക ഡ്രൈവര്‍ അടക്കമുള്ള മൂന്നുപേരുടെ മൊഴിയാണ് ഇനി എടുക്കാനുള്ളത്. മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. ഇവരെ വീണ്ടും ചോദ്യം ചെയ്യും. മൊഴികളും ഓഫിസ് രേഖകളും തമ്മില്‍ വൈരുധ്യമുണ്ട്. കസ്റ്റഡിയിലെടുത്ത മത്തായിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്താതെയാണ് തെളിവെടുപ്പിന് കൊണ്ടുപോയതെന്നും ഉറപ്പായിട്ടുണ്ട്.
കൂടാതെ വനംവകുപ്പിന്റെ രേഖകളില്‍ കൃത്രിമം നടത്തിയതായും സംശയമുണ്ട്. പ്രാഥമിക നടപടി എന്ന തരത്തില്‍ ഏഴ് ഉദ്യാഗസ്ഥരെയും വെള്ളിയാഴ്ച ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തുകയും തുടര്‍ന്ന് ശനിയാഴ്ച സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ സസ്പെന്റ് ചെയ്യുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. അതിനിടെ നടപടി ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."