നിയമം പറഞ്ഞ് ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കരുത്: കലക്ടര്‍
പാലക്കാട്: നിയമങ്ങളുടെ പേര് പറഞ്ഞു ഫയല്‍ നീക്കത്തിന് കാല താമസം വരുത്തി ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു. അട്ടപ്പാടിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് നിര്‍ദേശം.
അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് നടപ്പിലാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏകോപനം അത്യാവശ്യമാണ്. ആദിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ ഭരണകാര്യാലയം എല്ലാ വഴികളും സ്വീകരിക്കും.
ആദിവാസി ഊരുകളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ശുദ്ധത ജലസേചന വകുപ്പ് ഉറപ്പ് വരുത്തണം. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ ശുദ്ധതയില്‍ യാതൊരു വിട്ടുവീഴ്ച്ചയും അനുവദിക്കില്ല.
എവിടെനിന്നാണ് ജലം സംഭരിക്കുന്നത്, വിതരണം ചെയ്യുന്ന ജലത്തിന്റെ അളവെത്ര, കൃത്യമായി എത്തിക്കുന്നുണ്ടോ, കുടിവെള്ള വിതരണ ടാങ്കറുകളില്‍ ജി.പി.എസ് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ജലസേചന വകുപ്പ് പരിശോധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എസ്.ടി പ്രാമോട്ടര്‍മാര്‍ കുടിവെള്ള ക്ഷാമമുള്ള ഊരുകള്‍ സന്ദര്‍ശിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
വനത്തിലൂടെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് ജില്ല കലക്ടര്‍ വനം വകുപ്പിന് കത്ത് നല്‍കാനും യോഗത്തില്‍ ധാരണയായി. അഗളി ഗ്രാമപഞ്ചായത്തിലെ 40 കോടിയുടെ കാവുണ്ടിക്കല്‍ കുടിവെള്ള വിതരണ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഈശ്വരിരേശ്വന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രത്‌നാ രാമമൂര്‍ത്തി, ശ്രീലക്ഷ്മി ശ്രീകുമാര്‍, ജ്യോതി അനില്‍കുമാര്‍, റവന്യു, ജലസേചന, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."