HOME
DETAILS
MAL
ചികിത്സ നിഷേധിച്ചു നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം
backup
August 03 2020 | 03:08 AM
സ്വന്തം ലേഖകന്‍
ആലുവ: കളിക്കുന്നതിനിടെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. കുട്ടിയേയും കൊണ്ട് അമ്മയും മുത്തശ്ശിയും ഒരു ദിവസം മുഴുവന്‍ മൂന്നു സര്‍ക്കാര്‍ ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ആ കുരുന്നിന്റെ ജീവന്‍ കാക്കാനായില്ല. വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പൃഥ്വിരാജ് എന്ന മൂന്നു വയസുകാരന്റെ ശരീരം ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം കാത്തു കിടക്കുകയാണ്.
ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതക്കുളം നെല്ലീട്ടില്‍ തോന്നിപ്പാറ ലക്ഷംവീട്ടില്‍ നന്ദിനിയുടേയും കര്‍ണാടക സ്വദേശിയായ രാജുവിന്റേയും ഏകമകനാണ് മരിച്ച പൃഥ്വിരാജ്. വല്ല്യമ്മ യശോധയ്ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു പൃഥിരാജ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് കളിച്ചു കൊണ്ടിരിക്കെ ഒരു രൂപയുടെ നാണയം വിഴുങ്ങിയത്. ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും എക്‌സ്‌റേ എടുത്തു. പഴവും ചോറും വെള്ളവും നല്‍കി നാണയം മലവിസര്‍ജത്തോടൊപ്പം പുറത്തു വരുത്തണമെന്ന് പറഞ്ഞ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു. പുറത്തിറങ്ങി കരഞ്ഞ വല്ല്യമ്മയോട് കാര്യം തിരക്കിയ ഓട്ടോഡ്രൈവര്‍മാര്‍ 500 രൂപയും നല്‍കി മൂവരേയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും എക്‌സ്‌റേ എടുത്തു വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നാണയം കുട്ടിയുടെ ചെറുകുടലിന് സമീപം കണ്ടെത്തി. എന്നാല്‍ ചോറും പഴവും കഴിക്കാന്‍ നിര്‍ദേശിച്ച് കുട്ടിയെ ഇവിടെ നിന്നും പറഞ്ഞു വിടുകയായിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ വീട്ടില്‍ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വീണ്ടും ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തു മിനിറ്റിനകം കുട്ടി മരിക്കുകയായിരുന്നു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള കര്‍ഫ്യൂ മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചുവെന്നാണ് വീട്ടുകാരുടെ പരാതി. ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം തിങ്കളാഴ്ച കൊല്ലത്ത് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
അതേസമയം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ആര്‍.വി രാംലാല്‍ പറഞ്ഞു. രണ്ട് തവണ എക്‌സ്‌റേ എടുത്തപ്പോഴും നാണയത്തിന്റെ നിഴല്‍ ആമാശയത്തിലായിരുന്നു. അതിനാല്‍, സാധാരണ ഭക്ഷണം നല്‍കുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യാനും കുട്ടിയുടെ മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു. ആവശ്യം ഉണ്ടെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശിച്ചതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അന്വേഷണത്തിന്
ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."