വാറ്റ് ലോബി ബ്രാന്‍ഡുകളുമായി രംഗത്ത്; സാധനം വേണ്ടവര്‍ക്ക് എസ്.എം.എസ് സംവിധാനവും
കാട്ടാക്കട: വാറ്റ് ലോബി ഇക്കുറി ബ്രാന്‍ഡുകളുമായി രംഗത്ത്. ഓണം കൊഴുപ്പിക്കാന്‍ മുന്തിയ ഇനമെന്ന് പറഞ്ഞ് വാറ്റ് ചാരായം വിപണിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. ജി.എസ്.ടി, ഫെസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ദേ മാവേലി കൊമ്പത്ത് തുടങ്ങി വിവിധ പേരുകളില്‍ ചാരായം നിര്‍മ്മിക്കുന്ന സംഘമാണ് ഇപ്പോള്‍ ഓണം കൊഴുപ്പിക്കാന്‍ എത്തുന്നത്. പെരുച്ചാഴി എന്ന പേരില്‍ വീഞ്ഞ് എന്നു വിളിക്കുന്ന വാറ്റന്‍ പലേടത്തും റെഡിയായി.
ഓണത്തെ വരവേല്‍ക്കാന്‍ വാറ്റ് ലോബി വീണ്ടും സജീവമായതായി സൂചനകള്‍ കിട്ടി. വനവും നാടും അതിരിടുന്ന സ്ഥലങ്ങളിലാണ് വാറ്റു ചാരായം നിര്‍മിക്കുന്നത്. വനത്തിലെ ചില കേന്ദ്രങ്ങളില്‍ ഉറയിടുന്ന വാറ്റ് അവിടെ നിന്നും പുറത്ത് എത്തിച്ചാണ് അത് ചാരായമാക്കി വാറ്റുന്നത്. ഇതില്‍ ഏലക്കാ, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയുടെ കൃത്രിമ എസന്‍സും പിന്നെ കടത്തികൊണ്ടുവരുന്ന സ്പിരിറ്റും ചേര്‍ത്ത് വില്‍ക്കും. അതാണ് പെരുച്ചാഴി എന്ന പേരില്‍ വില്‍ക്കുന്നത്. കഴിച്ചാല്‍ പെരുച്ചാഴിയെപോലെ വീര്യം കിട്ടുമെന്നാണ് പരസ്യം. അത് പോലെ സോളാര്‍ സരിതയുടെ പേരിലും ചാരായം ഇറങ്ങിയിട്ടുണ്ട്. വാറ്റുകാര്‍ ഇക്കുറി എസ്.എം.എസ് സംവിധാനവുമായാണ് വിപണിപിടിക്കാനിറങ്ങിയിരിക്കുന്നത്. സാധനം വേണ്ടവര്‍ തിരക്കി ചെന്നാല്‍ അവര്‍ മൊബൈലില്‍ എസ്.എം.എസ് അയക്കും. പെരുച്ചാഴി റെഡി എന്നായിരിക്കും സന്ദേശം.
വേണ്ടവര്‍ക്ക് സാധനം രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കാനും ഇവര്‍ തയാറാണ്. എക്‌സൈസിന്റെ പിടിയിലാകാതിരിക്കാനാണ് ഈ തന്ത്രം. നെട്ടുകാല്‍ത്തേരി തുറന്നജയിലിനു സമീപത്തും നിന്നും എക്‌സൈസ് രണ്ടു തവണ കണ്ടെത്തിയത് 5000 ലിറ്റര്‍ സ്പിരിറ്റാണ്. റബര്‍ ഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടത്. ആള്‍ കടന്നുവരാത്ത റബര്‍ നട്ടിരിക്കുന്ന ഭാഗത്താണ് ഇവ കണ്ടത്. ആരും വരില്ലെന്നു കരുതി മണ്ണിനിടയില്‍ ഇവ കുഴിച്ചിട്ടിരിക്കുകയായിരുന്നു. രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് റെയിഡ് നടന്നത്. തലസ്ഥാനത്തേയ്ക്കാണ് അധികവും പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആര്യനാട് കോട്ടയ്ക്കകം ഒരു കാലത്ത് വാറ്റ് ചാരായത്തിന് പേര് കേട്ടതാണ്. ഏതാണ്ട് നിലച്ചിരുന്ന നിര്‍മാണം അടുത്തിടെ വീണ്ടും തുടങ്ങി. അതോടെ വാഹനങ്ങളുടെ ഘോഷയാത്രയും. പൊലിസ് സ്റ്റേഷനു മുന്നിലൂടെയാണ് വരവും പോക്കും.
അതിര്‍ത്തികളില്‍ നിന്ന് ദിവസവും ആയിരകണക്കിന് ലിറ്റര്‍ സ്പിരിറ്റാണ് ഇവിടെ വന്നു പോകുന്നത്. കാറിലും ടാങ്കര്‍ ലോറികളിലും റബര്‍പാല്‍കയറ്റി വരുന്ന ലോറികളിലും വരെ സ്പിരിറ്റ് കടത്തുന്നു. ഇത് ചില കേന്ദ്രങ്ങളില്‍ എത്തിച്ച് നേര്‍പ്പിച്ച് കടത്തും. ഒരു കാലത്ത് സ്പിരിറ്റ് കടത്തിലിന് ചുക്കാന്‍ പിടിച്ചിരുന്ന ഒരു അബ്കാരിയാണ് ആര്യനാട് കേന്ദ്രീകരിച്ച് നേതൃത്വം നല്‍കുന്നതെന്നും കേള്‍ക്കുന്നു. വളരെ ശക്തമാണ് ഈ ലോബി. ഗുണ്ടകളും പണവും രാഷ്ട്രീയസ്വധീനവും ചേര്‍ന്ന് ഗ്രാമങ്ങളെ വലിച്ചുമുറുക്കുകയാണ് ഈ സംഘം.
അടുത്തിടെ വാറ്റ് ചോദ്യം ചെയ്ത യുവാക്കളെ കാറില്‍വന്ന സംഘം അടിച്ച് അവശരാക്കി. പരാതി ആകുമെന്നായപ്പോള്‍ ചില നേതാക്കള്‍ ഇടപെട്ട് അവര്‍ക്ക് പണം നല്‍കി ഒതുക്കി. ഇപ്പോള്‍ യുവാക്കളേയും ആദിവാസികളേയും ഉപയോഗിച്ചാണ് വാറ്റും വില്‍പ്പനയും. കനത്ത തുക കിട്ടുമ്പോള്‍ എന്തും ചെയ്യുമെന്ന അവസ്ഥയും.
കിള്ളിയിലും കുരുതംകോട്ടും വിദേശമദ്യം വ്യാജനായി ഉണ്ടാക്കുന്നവരെ പിടികൂടിയിരുന്നു. അവര്‍ ജയിലില്‍ നിന്ന് ഇറങ്ങി വന്ന് ഉടനെ തന്നെ തുടങ്ങി പഴയ നിര്‍മ്മാണവും. ഇത് അറിഞ്ഞിട്ടും എക്‌സൈസിന് അനക്കമില്ല. വനത്തിനകത്തും ചില കേന്ദ്രങ്ങളിലും വാറ്റ് നടക്കുന്നുണ്ട്. ഇതിനായി ഗുണ്ടാപ്പടകളേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശബ്ദിച്ചാല്‍ അടിച്ചൊതുക്കുമെന്ന ഭീഷണിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."