നെയ്യാറില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി നടത്തിയ തിരച്ചില്‍ വിഫലം
കാട്ടാക്കട: കള്ളിക്കാട് മൈലക്കര മുകുന്ദറ പാലത്തില്‍ നിന്ന് നെയ്യാറില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി നടത്തിയ തിരച്ചില്‍ വിഫലം. ഇതോടെ ഇന്നും തുടരാണ് തീരുമാനം. കനത്ത ഒഴുക്കാണ് വിഘാതമായി മാറിയത്. പാലത്തിനു മുകളില്‍ നിന്ന് ഞായറാഴ്ച വൈകിട്ടോടെയാണ് വിദ്യാര്‍ഥിനി നെയ്യാറിലേക്ക് ചാടിയത്.
ഞായറാഴ്ച രാത്രിയില്‍ നിര്‍ത്തിയ തെരച്ചില്‍ ഇന്നലെ രാവിലെ പത്തോടെയാണ് പുനരാരംഭിച്ചത്. ചവറയില്‍ നിന്നുള്ള സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ ആയിരുന്നു തെരച്ചില്‍. അതോടൊപ്പം അഗ്നി ശമനസേനാംഘങ്ങളും പൊലിസും നാട്ടുകാരും തിരച്ചലില്‍ പങ്കെടുത്തു.
നെയ്യാര്‍ അണക്കെട്ട് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒന്നര അടിയോളമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. അതിനാല്‍ ഒഴുക്ക് ശക്തിയായിരുന്നു. ഇതിനാല്‍ തന്നെ മുങ്ങി തിരച്ചില്‍ പ്രയാസമായിരുന്നു. അണക്കെട്ടിലേക്ക് നീരൊഴുക്ക് ഉള്ളതിനാലും പരമാവധി ജല നിരപ്പിനോട് അടുത്തു ആയതിനാലും അധിക നേരം അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുക അപകടകരമാണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാട്ടാക്കട തഹസില്‍ദാരുടെയും നെയ്യാര്‍ഡാം പൊലിസിന്റെയും അഭ്യര്‍ത്ഥന പ്രകാരം നാല് ഷട്ടറുകളും താല്‍കാലികമായി അടച്ചാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ടോടെ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറക്കേണ്ട സാഹചര്യം വന്നതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ചാടിയ ഭാഗത്തും അതിനു സമീപത്തുള്ള ഭാഗത്തും തിരച്ചില്‍ നടത്തി. നദിയ്ക്ക് ഇരുകരകളിലുമുള്ള പൊന്തന്‍കാടുകളിലും നോക്കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ കീഴാറൂര്‍ ഭാഗത്ത് ജഡം കണ്ടുവെന്ന് അഭ്യൂഹം പരന്നു. ഒടുവില്‍ പൊലിസ് അത് ക്ലിയര്‍ ചെയ്തതോടെ തിരച്ചില്‍ തുടരുകയായിരുന്നു.
ഇന്ന് രാവിലെ വീണ്ടും ഷട്ടറുകള്‍ അടച്ച് തെരച്ചില്‍ പുനരാരംഭിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. തേവന്‍കോട് സ്വദേശി ശിവന്‍കുട്ടി -രമ ദമ്പതികളുടെ മകളും തമിഴ്‌നാട് മാര്‍ത്താണ്ഡത്തുള്ള ശ്രീനാരായണഗുരു എന്‍ജിനിയറിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയും ആയ ദിവ്യ (20) ആണ് പാലത്തില്‍ നിന്നും നെയ്യാറിലേക്ക് ചാടിയത്.
വീട്ടില്‍ നിന്ന് അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അതിനിടയ്ക്കാണ് നെയ്യാറിലേയ്ക്ക് ചാടിയത്. പാലത്തിന്റെ കരയില്‍ മൊബൈല്‍ ഫോണും ചെരിപ്പും വാച്ചും വച്ചിട്ടാണ് ചാടിയത്. മൊബൈല്‍ ഫോണ്‍ ലോക്കായിരുന്നു. ഇതിലേയ്ക്ക് അവസാനമായി ആരുമായാണ് ബന്ധപ്പെട്ടത് എന്ന് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."