തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും
കഴക്കൂട്ടം: തെറ്റിയാര്‍ തോടിന്റെ ശുചീകരണ പദ്ധതിയുമായി കൈ കോര്‍ക്കാന്‍ ടെക്നോപാര്‍ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് വിളിച്ചു ചേര്‍ത്ത ടെക്നോപാര്‍ക്ക് കമ്പനി മേധാവികളുടെ യോഗത്തിലാണ് ഈ തീരുമാനം.
ചിങ്ങം 1ന് ടെക്നോപാര്‍ക്കില്‍ ജീവനക്കാരുടെ മഹാസംഗമം സംഘടിപ്പിച്ചുകൊണ്ട് തെറ്റിയാര്‍ സംരക്ഷണ പ്രതിജ്ഞയെടുക്കും. ഒക്ടോബര്‍ 2ന് തെറ്റിയാര്‍ ശുചിത്വ യജ്ഞ ദിനമായി ആചരിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ പരിപാടിയില്‍ ടെക്നോപാര്‍ക്കിലെ ജീവനക്കാരും അണി ചേരും. സര്‍വേയിലൂടെ കയ്യേറ്റങ്ങളും മാലിന്യസ്രോതസുകളും കണ്ടെത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും, മാലിന്യസ്രോതസുകള് ഇല്ലാതാക്കിയും തെറ്റിയാറിനെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
ഇതിന് മുന്നോടിയായി പോത്തന്‍കോട് ബ്ലോക്കുതല മീറ്റിങ്ങും തെറ്റിയാര്‍ കടന്നു പോകുന്ന ഭാഗത്തെ വാര്‍ഡുതല മീറ്റിങ്ങുകളുംചേരും. 25 കമ്പനി മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ കലക്ടര്‍ ഡോ. കെ. വാസുകി, ടെക്നോപാര്‍ക്ക് സി.ഇ.ഒ ഋഷികേഷ് ആര്. നായര്‍, തെറ്റിയാര്‍ സംരക്ഷണ യജ്ഞം ജനകീയ കമ്മിറ്റി കണ്‍വീനര്‍ മഞ്ജു ബാലകൃഷ്ണന് സംസാരിച്ചു.
ജനകീയ പങ്കാളിത്തത്തോടെ തെറ്റിയാറിനെ വീണ്ടെടുക്കുന്നതിനായി ജനകീയ കണ്വന്ഷന് നേരത്തെ സംഘടിപ്പിച്ചിരുന്നു.
തെളിനീരൊഴുക്കാം തെറ്റിയാറിലെന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."