കിണറിലിറങ്ങുമ്പോള്‍ ജാഗ്രത വേണം; അപകടം കൂടെയുണ്ടെന്ന ഓര്‍മയും
കൊപ്പം: വൃത്തിയാക്കാന്‍വേണ്ടി കിണറില്‍ ഇറങ്ങുന്നവരും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങുന്നവരും അപകടത്തില്‍പ്പെടുന്നതും മരണം സംഭവിക്കുന്നതും നിത്യസംഭവമാകുന്നു. കിണറില്‍ ഇറങ്ങുന്നതിന് മുന്‍പ് പാലിക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കപ്പെടാത്തതാണ് വലിയ ദുരന്തത്തിലേക്ക് നയിക്കുന്നത്.
ആഴമുള്ള കിണറ്റില്‍ ശുദ്ധീകരണ പ്രവൃത്തികള്‍ക്ക് വേണ്ടി ഇറങ്ങുകയും കിണറിന് അടിത്തട്ടിലെത്തിയാല്‍ വായുസഞ്ചാരം നഷ്ടപ്പെട്ട് ശ്വാസതടസം, കൈ മരവിപ്പ്, തലചുറ്റല്‍, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടു തുടങ്ങുന്നു.
കിണറില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ കൃത്യമായ വായുസഞ്ചാരം ഉണ്ടോ എന്നുള്ള പരിശോധന നടത്തുകയും ചൂട്ട് പോലോത്തത് കത്തിച്ച് കിണറില്‍ ഇടുകയും കൃത്യമായി ചൂട്ടു കത്തുന്നില്ലെങ്കില്‍ കിണറില്‍ ഓക്‌സിജന്‍ അളവ് നന്നേ കുറവാണെന്ന് മനസ്സിലാക്കുകയും വേണം.
കിണറില്‍ ഇറങ്ങുന്ന വിവരം മുന്‍കൂട്ടി സമീപപ്രദേശത്തെ ഫയര്‍ഫോഴ്‌സ് കേന്ദ്രങ്ങളില്‍ അറിയിക്കേണ്ടതും അതോടൊപ്പം സമീപപ്രദേശത്തുള്ളവരുടെ സാന്നിധ്യം കിണറിന് സമീപം ഉറപ്പുവരുത്തുകയും വേണം. കിണറില്‍ ആദ്യം ഇറങ്ങുന്ന വ്യക്തിക്ക് വല്ല അസ്വസ്ഥത അനുഭവപ്പെട്ടു കണ്ടാല്‍ ഉടനെ സഹായിക്കാന്‍ മറ്റൊരു വ്യക്തിയോട് ഇറങ്ങുന്നതിനു പകരം ഉടനെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും കിണറില്‍നിന്ന് രക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.
കിണറ്റില്‍ ഇറങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യേഗസ്ഥര്‍ ഓര്‍മിപ്പിക്കുന്നു.
തലപെരുപ്പ് , തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തിരിച്ചു കയറണം. ഓക്‌സിജന്‍ ലഭിക്കാന്‍ മരച്ചില്ലകള്‍ പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം. വെളളം കോരി കിണറ്റിലേക്കു പലതവണ ഒഴിച്ചാലും മതിയാകും. വടം ഉപയോഗിച്ചു വേണം കിണറ്റില്‍ ഇറങ്ങേണ്ടത്.
അത്യാവശ്യഘട്ടങ്ങളില്‍ പെടുന്നനെ ആളിനെ മുകളില്‍ കയറ്റാന്‍ കഴിയുന്ന വിധത്തിലാകണം വടം കെട്ടേണ്ടത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."