തുറവൂരിലെ സംസ്‌കൃത സര്‍വകലാശാല ശോച്യാവസ്ഥയില്‍
ക്ലാസ് മുറികള്‍ ചോര്‍ന്നൊലിച്ചിട്ടും തുറവൂര്‍ പഞ്ചായത്തിന്റെ എതിര്‍പ്പുമൂലം പ്രാദേശിക കേന്ദ്രം അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്
തുറവൂര്‍: സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.
ക്ലാസ് മുറികള്‍ ചോര്‍ന്നൊലിച്ചിട്ടും തുറവൂര്‍ പഞ്ചായത്തിന്റെ എതിര്‍പ്പുമൂലം പ്രാദേശിക കേന്ദ്രം അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍വകലാശാല അനുവദിച്ച 15 ലക്ഷം രൂപയും ലാപ്‌സായി. കലാരംഗം ഓഡിറ്റോറിയത്തില്‍നിന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് 2005-ല്‍ ആണു കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്.
പതിനായിരം രൂപയാണു വാടകയിനത്തില്‍ പഞ്ചായത്ത് മാസം തോറും വാങ്ങുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഒന്നും ചെയ്യുന്നില്ല. കോമ്പൗണ്ടില്‍ മറ്റൊരു താല്‍ക്കാലിക ഷെഡ്‌ഢെങ്കിലും പണിയാന്‍ അനുവദിക്കണമെന്നാവശ്യവും അംഗികരിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ എം.എ. മലയാളം, ചരിത്രം, സംസ്‌കൃതം, എം.എല്‍.ഡബ്ലൂ, ബി.എ.സംസ്‌കൃതം എന്നി കോഴ്‌സുകളിലായി നിലവില്‍ 240 കുട്ടികള്‍ പഠിക്കുന്നുണ്ട്. 26 അധ്യാപകരും ഏഴ് അനധ്യാപകരുമുണ്ട്. 1986 ല്‍ തുറവൂര്‍ കലാരംഗം ആഡിറ്റോറിയത്തിലാണ് കേന്ദ്രം ആരംഭിച്ചത്. ആയിരക്കണക്കിന് കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവുമില്ല.
വാടക കാലാവധി കഴിഞ്ഞപ്പോഴാണ് നിലവിലെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിയത്. തുറവൂര്‍ പഞ്ചായത്ത് പ്രാദേശിക കേന്ദ്രത്തോട് സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയല്ലെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകണമെന്ന് സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രം കാമ്പസ് ഡയറക്ടര്‍ ബിച്ചു എക്‌സ്.മലയില്‍ പറഞ്ഞു.
എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്, അനുമതി ലഭിക്കുന്ന മുറയ്ക്ക് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുമെന്ന് തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതസോമന്‍ പറഞ്ഞു. പ്രാദേശിക കേന്ദ്രം പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടില്‍ തുറവൂര്‍ ഗവ.എല്‍പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ ഇവിടെ താല്‍ക്കാലിക ഷെഡ് പണിയാന്‍ അനുവദിക്കില്ലെന്നു അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."