മാരാരിക്കുളം തീരത്ത് വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായി
മണ്ണഞ്ചേരി :മാരാരിക്കുളം തീരത്ത് കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി തുടരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് കടല്‍ വീണ്ടും കലിതുള്ളിതുടങ്ങിയത്.
തുമ്പോളി മുതല്‍ ചേന്നവേലി വരെയുള്ള പ്രദേശത്താണ് രണ്ട് ദിവസമായി തിരമാലകള്‍ ആഞ്ഞടിച്ച് ഭീതിപരത്തുന്നത്. കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഈ പ്രദേശത്ത് കടലാക്രമണം തുടങ്ങിയിരുന്നു. നിരവധി വീടുകള്‍ ഇവിടെ തകര്‍ന്നടിഞ്ഞിരുന്നു. ഈ ഭാഗങ്ങളില്‍ തന്നെയാണ് വീണ്ടും കടല്‍ കരയിലേക്ക് കയറിതുടങ്ങിയത്.
കഴിഞ്ഞ ജൂണ്‍ മാസത്തിന്റെ ആരംഭത്തില്‍ തന്നെ കടലാക്രമണവിഷയം മുന്‍നിര്‍ത്തി ഇവിടെ വലിയ തോതില്‍ ബഹുജനരോഷം ഉയര്‍ന്നിരുന്നു. ബന്ധപ്പെട്ടവര്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു തീരദേശവാസികളുടെ പ്രതിഷേധം. ദേശീയപാതയും തീരദേശപാതകളും അടക്കം ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ സമരം.
സമരത്തിന് കത്തോലിക്ക സഭയുടെ പിന്‍തുണയും അന്ന് ലഭിച്ചിരുന്നു. സമരത്തില്‍ നിരവധി വൈദീകരും കന്യാസ്ത്രീകളും അണിചേര്‍ന്നത് സമരക്കാര്‍ക്ക് കൂടുതല്‍ ആവേശം നല്‍കിയിരുന്നു. കടല്‍ ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയും കടല്‍ കയറിയാല്‍ ഇനിയും തകരാന്‍ സാദ്ധ്യതയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക സംരക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമരക്കാര്‍ മുന്നോട്ടുവച്ചത്.എന്നാല്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ജാഗ്രതയോടെ ഈ വിഷയത്തെ കൈകാര്യം ചെയ്തില്ലെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് കടല്‍ വീണ്ടും ക്ഷോഭിച്ചുതുടങ്ങിയത്.
വീണ്ടും കടല്‍ കലിതുള്ളിയതോടെ നാട്ടുകാര്‍ നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ആലോചനകളും തുടങ്ങികഴിഞ്ഞു.നേരത്തെ നടത്തിയ സമരത്തില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെയാണ് തീരദേശത്തുകാര്‍ രംഗത്തെത്തിയത്.സി.പി.എമ്മിന്റെയും സി.പി.ഐ യുടേയും ജനപ്രതിനിധികളും സമരത്തിന് നേതൃപരമായ പങ്ക് വഹിച്ചിരുന്നു.എല്‍.ഡി.എഫ് സംസ്ഥാനത്ത് ഭരണം നടത്തുമ്പോള്‍ സര്‍ക്കാരിനെതിരായ സമരമാണ് തീരത്തുണ്ടായതെന്നാണ് ഭരണപാര്‍ട്ടിയിലെ നേതാക്കളുടെ വിലയിരുത്തല്‍.
ഇത്തരത്തിലുള്ള സമരത്തില്‍ ഇടതുപക്ഷത്തെ ജനപ്രതിനിധികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ബോധപൂര്‍വ്വം നീങ്ങിയ ചിലരുടെ താല്‍പ്പര്യത്തില്‍ വീണതായി പാര്‍ട്ടി വേദിയില്‍ അന്ന് സംസാരം ഉയര്‍ന്നുവന്നിരുന്നു. ഇതിനെതുടര്‍ന്ന് ചില വനിത ജനപ്രതിനിധികളുടെ ഇതിന്‍മേലുള്ള വിശദീകരണം വൈകാരികമായി രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചെയ്തിരുന്നു. വീണ്ടും ജനകീയമായ സമരം ഉയര്‍ന്നാല്‍ ഇത്തരം ജനപ്രതിനിധികള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും തീരദേശം ഇപ്പോള്‍ ഉറ്റുനോക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."