'ബാങ്കുകളുടെ താക്കോല്‍ അംബാനിയില്‍ നിന്നെടുത്ത് രാജ്യത്തെ ചെറുപ്പക്കാര്‍ക്കു നല്‍കും'- മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍
കൊല്ലം: കേന്ദ്രത്തിന്റെ സംഘ്പരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കൊല്ലം പത്തനാപുരത്ത് തെരഞ്ഞൈടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോണ്‍ഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ബി.ജെ.പി യുടെ അക്രമങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷയിലാണ് കോണ്‍ഗ്രസ് മറുപടി നല്‍കുന്നത്. ഞങ്ങള്‍ നിങ്ങളോട് പോരാടും. നിങ്ങളെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും. അങ്ങനെ നിങ്ങള്‍ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും' രാഹുല്‍ ഗാന്ധി പറഞ്ഞു.
അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേള്‍ക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത്. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.
കേരളത്തെ പുകഴ്ത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗം ആരംഭിച്ചത്. കേരളം രാജ്യത്തിനാകെ മാതൃകയാണ്. ഉയര്‍ന്ന സാക്ഷരതയാണ് കേരളത്തിന്റെ സവിശേഷത. ആത്മവിശ്വാസമുള്ളവരാണ് കേരളീയര്‍. സഹിഷ്ണുതയാണ് കേരളത്തിന്റെ മുഖമുദ്രയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ദാരിദ്രത്തിനെതിരായ മിന്നലാക്രമണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചുരുക്കം ചിലര്‍ക്ക് മോദി കോടികള്‍ നല്‍കിയെന്ന് അദ്ദഹം പരിഹസിച്ചു. ബാങ്കുകളുടെ താക്കോല്‍ അംബാനിയില്‍ നിന്നെടുത്ത് രാജ്യത്തെ ചെറുപ്പക്കാര്‍ക്കു നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
2019 മുതല്‍ കര്‍ഷകര്‍ക്കു മാത്രമായി ഒരു ബജറ്റ് രാജ്യത്തുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അതില്‍ കശുവണ്ടി കര്‍ഷകരും ഉള്‍പെടും. കശുവണ്ടി തൊഴിലാളികളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി എന്നെങ്കിലും തയ്യാറായിട്ടുണ്ടോ. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കൃത്യമായി കശുവണ്ടി തൊഴിലാളികളെ കാണും. നിങ്ങളുടെ പ്രശ്‌നം മനസ്സിലാക്കും- അദ്ദേഹം ആവര്‍ത്തിച്ചു. നിങ്ങളാണ് ഞങ്ങളുടെ പ്രത്യയ ശാസ്ത്രം. നിങ്ങളുടെ ശബ്ദമാണ് ശക്തി- അദ്ദേഹം വ്യക്തമാക്കി.
തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് എനിക്കു കിട്ടുന്ന ആദരവായി കാണുന്നു. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയതിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നന്ദി അറിയിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."