വൈക്കത്തെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി
വൈക്കം: മൂന്നു ദിവസമായി തുടരുന്ന മഴയില്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിലായി. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വടകര, വരിക്കാംകുന്ന്, പുലിമുഖം, പയ്യപ്പള്ളി, ഇരട്ടാണിക്കാവ് പ്രദേശങ്ങളില്‍ കനത്തനാശമാണ് പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും ഉണ്ടായത്.
മരങ്ങള്‍ റോഡിലേക്കു കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വടകര-ഇരട്ടാണിക്കാവ് റോഡ്, വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡ് എന്നിവിടങ്ങളിലെല്ലാം മരം വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി നിലച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. നിരവധി വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തലയാഴം ഗ്രാമപഞ്ചായത്തിലെ കൊതവറ കോളച്ചിറയില്‍ ഭാസ്‌കരന്റെ വീട് മരം വീണു പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഭാസ്‌കരനും ഭാര്യയും മകനും മരുമകളും പേരക്കുട്ടികളും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
ഓടുമേഞ്ഞ വീട് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. പഞ്ചായത്ത് മെമ്പര്‍ ജെല്‍ജി വര്‍ഗീസ്, വില്ലേജ് അധികാരികള്‍ എന്നിവര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഇന്നലെ കാറ്റ് ഏറ്റവുമധികം ദുരിതമുണ്ടാക്കിയത് ഫയര്‍ ഫോഴ്‌സിനാണ്. ഏകദേശം ഇരുപതിലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സമുണ്ടാക്കി. പലസ്ഥലങ്ങളിലും മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടി.വി പുരം റോഡില്‍ തേക്കുമരം കടപുഴകിയതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പള്ളിപ്രത്തുശ്ശേരിയില്‍ വൈക്കത്തുപള്ളിക്കുസമീപവും മരംവീണ് ഗതാഗത തടസ്സമുണ്ടായി. കോരിച്ചൊരിയുന്ന മഴ കാര്‍ഷിക മേഖലയ്ക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്.
പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് പമ്പ് ചെയ്യാന്‍ സാധിക്കത്തതുമൂലം കര്‍ഷകര്‍ ആശങ്കയിലാണ്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമന, കൊടിയാട്, വൈക്കപ്രയാര്‍ ഭാഗങ്ങളിലെ ഏകദേശം ഇരുന്നൂറോളം വീടുകള്‍ വെള്ളത്തിലായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ നാനാടം മൂലേമടത്തില്‍ എം.കെ പ്രകാശന്റെ വീടിനുമുകളിലേക്ക് തേക്കുമരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
അക്കരപ്പാടം കോണിപ്പറമ്പില്‍ സദാശിവന്റെ വീട് ആഞ്ഞിലിമരം വീണ് ഭാഗികമായി തകര്‍ന്നു. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ വലിയവെളിച്ചം പാടശേഖരത്തില്‍ ബണ്ട് വെള്ളം കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥ നേരിട്ടത് കര്‍ഷകരുടെ സമയോചിത ഇടപെടല്‍മൂലം ഒഴിവാക്കിയിരുന്നു.
മണ്ഡലത്തിന്റെ ഭൂരിഭാഗം മേഖലകളും ഇരുട്ടിലാണ്. വൈദ്യുതി ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അധികാരികള്‍ പറയുന്നത്. ശക്തമായ കാറ്റില്‍ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന കൂറ്റന്‍ വട്ടമരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. മരത്തിനു താഴെ ഇട്ടിരുന്ന വൈപ്പേല്‍ ഷാജി ഫിലിപ്പിന്റെ മാരുതി കാറാണ് തകര്‍ന്നത്. സംഭവ സമയത്ത് ജീവനക്കാരോ രോഗികളോ എത്താതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലും മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറി. വിശ്വാസികളെല്ലാം ഇന്നലെ മുട്ടോളം വെള്ളത്തില്‍ നീന്തിയാണ് ക്ഷേത്രദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."