ശാസ്ത്രി വീണ്ടും തെരഞ്ഞെടുപ്പ് വീഥിയില്‍
പയ്യോളി: രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ച സ്വാമി ബി.എം ശാസ്ത്രി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് വീഥിയിലെത്തി. ഇപ്രാവശ്യം മത്സരിക്കാനല്ല വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വിജയത്തിനാണ് ശാസ്ത്രി രംഗത്തിറങ്ങിയത്.
1980ല്‍ കൊയിലാണ്ടി അസംബ്ലി തെരഞ്ഞെടുപ്പിലും 1984ലും 1989ലും വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമാണ് ശാസ്ത്രി മത്സരിച്ചത്. കൊയിലാണ്ടി അസംബ്ലി തെരഞ്ഞെടുപ്പില്‍ സൈക്കിള്‍ ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്. അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് ഹരിദാസിന്റെ ചിഹ്നം ചര്‍ക്കയായിരുന്നു. മുവ്വായിരത്തോളം വോട്ട് സൈക്കിള്‍ ചിഹ്നത്തില്‍ ലഭിച്ചത് കൊണ്ടാണ് യു.ഡി.എഫ്.സ്ഥാനാര്‍ഥി മണിമംഗലത്ത് കുട്ട്യാലി വിജയിക്കാന്‍ കാരണമെന്നാണ് ശാസ്ത്രിയുടെ അവകാശവാദം.
1984ല്‍ വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ 10,500 ഓളം വോട്ടുകള്‍ ലഭിച്ചിരുന്നെങ്കിലും 1989ല്‍ 3111 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ 20വര്‍ഷമായി രാഷ്ട്രീയ രംഗം വിട്ട് സന്യാസ ജീവിതം നയിക്കുകയാണ് 76കാരനായ ശാസ്ത്രി.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശാസ്ത്രി പാര്‍ട്ടിയിലെ പടലപ്പിണക്കത്തെ തുടര്‍ന്നാണ് വിട്ട് നിന്നത്. രാഷ്ട്രീയത്തില്‍ എന്നും വഴികാട്ടിയായിരുന്ന നേതാവാണ് കെ. കരുണാകരനെന്നും അദ്ദേഹത്തിന്റെ മകന്‍ കെ. മുരളീധരന്‍ മത്സര രംഗത്ത് വന്നതാണ് വീണ്ടും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ തട്ടകമായ കിഴൂരിലും പരിസരങ്ങളിലുമൊക്കെ നടക്കുന്ന കുടുംബ സദസുകളിലൊക്കെ ശാസ്ത്രി പങ്കെടുക്കുന്നുണ്ട്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്നും ഇന്ത്യാ രാജ്യത്ത് ഒരു ഉറച്ച ഭരണ സംവിധാനം ഉണ്ടാവണമെന്നുമാണ് ആഗ്രഹമെന്നും ശാസ്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."