ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം വേണം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ അന്വേഷണാനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലന്‍സിന് കത്തുനല്‍കിയിരുന്നു. രണ്ടുദിവസത്തിനകം അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എന്‍.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും എത്തിക്കൂടായ്കയില്ലെന്ന അവസ്ഥയാണുള്ളത്. എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു വരികയാണെങ്കില്‍ സ്വാഭാവികമായും പ്രതിരോധത്തിലാകും. സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒന്നും ഒളിക്കാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആ നിലയ്ക്ക് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതിലൂടെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാകും.
അഴിമതി നിരോധന നിയമ ഭേദഗതി (എ) പ്രകാരം മന്ത്രിമാര്‍, എം.എല്‍.എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. അതിനാലാണ് വിജിലന്‍സ് ഡയരക്ടര്‍ അനില്‍കാന്ത് ഫയല്‍ അനുമതിക്കായി ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയത്. ഇനി ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇവര്‍ക്ക് ശിവശങ്കറിന്റെ സഹായം ലഭിച്ചതിനു തെളിവുകളുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി രണ്ടുദിവസങ്ങളിലായി മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. അപ്പോഴെല്ലാം സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുമായി തനിക്ക് സൗഹാര്‍ദബന്ധം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്കറിയില്ലെന്നുമായിരുന്നു ശിവശങ്കര്‍ മൊഴിനല്‍കിയിരുന്നത്. മൊഴികള്‍ക്ക് വിരുദ്ധമായി കള്ളക്കടത്ത് സംഘത്തിനു തന്റെ പദവി ഉപയോഗിച്ച് ശിവശങ്കര്‍ വഴിവിട്ട് സഹായം നല്‍കിയിട്ടുണ്ടെങ്കില്‍ അപകടത്തിലാവുക മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയായിരിക്കും. ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിച്ച് കത്തിയും കഴുത്തും അവര്‍ക്കു നല്‍കുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പു കൂടിയാകുമിത്. നയതന്ത്ര ബാഗേജ് വഴി നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആ നിലയ്ക്ക് നേരത്തെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫോണ്‍വിളി പോയിട്ടുണ്ടാവില്ലേ. സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫോണ്‍കാള്‍ പോയെന്നാണ് പറയപ്പെടുന്നത്. അങ്ങനെയൊരു ഫോണ്‍വിളി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വന്നിട്ടില്ലെന്ന് കസ്റ്റംസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു. താമസിയാതെ പ്രസ്തുത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കാന്‍ നിയുക്തനായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ചുമതല തന്നെയാണ് നിര്‍വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വ്യക്തികളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അത്തരം തീരുമാനങ്ങളുടെ ഗുണവും ദോഷവും മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും വന്നുചേരുക. താന്‍ അകമഴിഞ്ഞ് വിശ്വസിക്കുന്ന വ്യക്തി വിശ്വാസം ദുരുപയോഗം ചെയ്യില്ലെന്ന ഉത്തമബോധ്യത്തോടെയായിരിക്കുമല്ലോ മുഖ്യമന്ത്രി ഭരണപരമായ എല്ലാ ചുമതലകളും ശിവശങ്കറിന് നല്‍കിയിട്ടുണ്ടാവുക. എന്നാല്‍, തന്റെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സമീപനമായിരുന്നു ശിവശങ്കറില്‍ നിന്ന് ഉണ്ടായതെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ട യാതൊരു ബാധ്യതയും മുഖ്യമന്ത്രി പിണറായി വിജയനില്ല. ഈ നിലപാട് തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കു കീഴിലുള്ള ഐ.ടി വകുപ്പിലെ സ്‌പേസ് പാര്‍ക്കില്‍ ജോലിക്ക് കയറിയത് വയറ്റുപ്പിഴപ്പിനു വേണ്ടിയായിരുന്നില്ലെന്ന കാര്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കോടികളുടെ സമ്പാദ്യമാണ് പണമായും സ്വര്‍ണമായും അവരുടെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തത്. അപ്പോള്‍ എന്തിനു വേണ്ടിയായിരുന്നു പ്രാഥമിക യോ ഗ്യത പോലുമില്ലാത്ത അവരെ ഐ.ടി വകുപ്പില്‍ ഉയര്‍ന്ന തസ്തികയില്‍ വര്‍ധിച്ച ശമ്പളത്തില്‍ ശിവശങ്കര്‍ നിയമിച്ചത്?. സര്‍ക്കാര്‍ മേല്‍വിലാസമുപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ ശിവശങ്കര്‍ സൗകര്യം ചെയ്തുകൊടുത്തതാവില്ലേ. അല്ലെന്ന് വിശ്വസിക്കാന്‍തക്ക തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തനിക്ക് പ്രതികളുമായി സൗഹാര്‍ദബന്ധം മാത്രമാണുള്ളതെന്ന ശിവശങ്കറിന്റെ വാദം എങ്ങനെ മുഖവിലക്കെടുക്കും?
അതിനാല്‍ നിഷ്പക്ഷമായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുകയാണ് ഇനി വേണ്ടത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രതിപക്ഷ നേതാവ് സംശയിക്കുന്നതുപോലെ സര്‍ക്കാര്‍ ഇടപെടുന്ന അവസ്ഥയുണ്ടാകരുത്. അങ്ങനെ വന്നാല്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കാതെ രക്ഷപ്പെടുന്നതിന് കേരളം സാക്ഷിയാകേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."