ഇനി വേണ്ടത് പേടി മാറ്റാനുള്ള ചികിത്സ
ഇറ്റാലിയന്‍ നവോത്ഥാനത്തിലെ വളരെ പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു ജിയോവന്നി ബൊക്കാച്ചിയോ. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കൃതിയാണ് ഡെക്കാമറണ്‍ കഥകള്‍. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്ന്. നൂറു കഥകളുടെ സമാഹാരം. യൂറോപ്പിനെ ഗ്രസിച്ച പ്ലേഗ് എന്ന മഹാമാരിയുടെ കാലഘട്ടത്തിലാണ് ഈ കൃതി പിറന്നത്, 1349-1353ല്‍. പ്ലേഗില്‍നിന്ന് രക്ഷപ്പെടാനായി നഗരത്തില്‍നിന്ന് ഓടിപ്പോയ ഏഴു ചെറുപ്പക്കാരികളും മൂന്നു ചെറുപ്പക്കാരും ചേര്‍ന്ന സംഘം ഫ്‌ളോറന്‍സിന്റെ പ്രാന്തപ്രദേശത്തെ ഒരു സത്രത്തില്‍ അഭയം തേടുകയും കഥകള്‍ പറഞ്ഞ് രോഗഭീതി മറികടക്കുകയുമാണ്.
സാഹിത്യം, ചിത്രമെഴുത്ത്, സംഗീതം തുടങ്ങി കലയുടെ സമസ്ത മേഖലകളെയും പ്ലേഗ് സ്വാധീനിച്ചു. പ്ലേഗ് മാത്രമല്ല, ക്ഷയരോഗം, കുഷ്ഠരോഗം, വസൂരി, കോളറ, സ്പാനിഷ് ഫ്‌ളൂ എന്നീ രോഗങ്ങളൊക്കെ ഇവ്വിധം കലയെയും സാഹിത്യത്തെയും സ്വാധീനിച്ചു. കറുത്ത മരണം എന്നു പാശ്ചാത്യര്‍ വിളിച്ച പ്ലേഗ് ആഴമേറിയ വിഷാദമാണു സൃഷ്ടിച്ചത്. രോഗബാധിതര്‍ കൂട്ടത്തോടെ മരിച്ചുവീണു. രോഗത്തിനു ചികിത്സയില്ല. മരണത്തിനു കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ല. മരണഭീതി സമൂഹത്തെയാകെ ഗ്രസിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളെയാണ് പ്ലേഗ് കീഴടക്കിയത്. അതിനാല്‍ മരണത്തില്‍നിന്നു രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ആളുകള്‍ നഗരം വിട്ട് ഓടിപ്പോവുകയായിരുന്നു. ഡെക്കാമറണ്‍ കഥകളുടെ പശ്ചാത്തലം അതായിരുന്നു. എവിടെയും മരണം വാപിളര്‍ത്തി നിന്ന കാലം. പ്ലേഗ് ബാധിക്കുമ്പോള്‍ മരണത്തിനും വേഗത കൂടുതലായിരുന്നു.
ചികിത്സയില്ലാത്ത രോഗങ്ങളെയൊക്കെ മനുഷ്യര്‍ വല്ലാതെ ഭയന്നിട്ടുണ്ട്. എത്ര പ്രിയപ്പെട്ടവരായാലും എത്രമേല്‍ ഉടപ്പിറപ്പുകളായാലും രോഗബാധിതരെ ബഹിഷ്‌കരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ക്വാറന്റൈന്‍ എന്നത് പ്ലേഗിന്റെ കാലഘട്ടം തൊട്ട് തുടങ്ങിയ വാക്കാണ്. കേരളത്തില്‍പോലും വസൂരി ബാധിച്ചവരെ ദൂരെയെവിടെയെങ്കിലും കുടിലില്‍ കൊണ്ടുപോയി തള്ളും. ചിലപ്പോള്‍ ജീവിക്കും. മിക്കപ്പോഴും മരണം തന്നെ വിധി. ഇങ്ങനെ തള്ളുന്നതിനെ പണ്ടാറടങ്ങല്‍ എന്നാണു പറയുക. കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യപ്പെടുന്ന കാലം വരെയും പാശ്ചാത്യ നാടുകളില്‍പോലും രോഗബാധിതരെ ദൂരെ ഏകാന്തമായ കോളനികളില്‍ പാര്‍പ്പിക്കുകയായിരുന്നു പതിവ്. കേരളത്തിലും കുഷ്ഠരോഗികളെ കല്ലെറിഞ്ഞോടിക്കാന്‍ നിയമസാധുതയുണ്ടായിരുന്നു. ക്ഷയരോഗം ബാധിച്ചാല്‍ ഒറ്റപ്പെട്ട ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും. സാനിറ്റോറിയം എന്ന വാക്കുതന്നെ അങ്ങനെ ഉണ്ടായതാണ്. ഇതിനെയൊക്കെ അതിജീവിച്ചാണ് നാം ഈ നിലയില്‍ എത്തിയത്.
ഇപ്പോള്‍ കൊവിഡിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മഹാമാരികളുടെ ചരിത്രം പരിശോധിക്കുന്നത് അതിജീവനത്തെ സംബന്ധിച്ച് ആത്മവിശ്വാസം കിട്ടാന്‍ ഉപകരിക്കും. എന്നാല്‍, ശാസ്ത്രം ഇത്രയൊക്കെ വികസിച്ച കാലഘട്ടത്തില്‍ ആധുനിക സമൂഹത്തിനു ചേരാത്ത ഒരുതരം ഭീതി കേരളീയ സമൂഹത്തില്‍ രൂപപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുക തന്നെ വേണം. അപൂര്‍വം ചിലരുടെ ശരീരത്തില്‍ മാരകമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു എന്നതൊഴിച്ചാല്‍ അത്ര പേടിക്കേണ്ട ഒന്നല്ല ഈ രോഗാണു. സോപ്പിട്ട് കഴുകിയാല്‍ തന്നെ അകന്നുമാറും. മഹാഭൂരിഭാഗത്തിനും രോഗശമനം വേഗത്തില്‍ സംഭവിക്കുന്നു. തീര്‍ച്ചയായും ജാഗ്രത വേണം. എന്നാല്‍ അതിജാഗ്രത മനോരോഗമായി മാറുന്നത് കേരളം പോലെ നവോത്ഥാന മുന്നേറ്റങ്ങള്‍ നടന്ന സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ല.
നാട്ടുഭാഷയില്‍ പറഞ്ഞാല്‍, കൊറോണയെ സംബന്ധിച്ച നമ്മുടെ കാട്ടിക്കൂട്ടല്‍ കുറച്ചു കൂടിപ്പോകുന്നു. തംബുരുവിന്റെ കമ്പി വലിച്ചുകെട്ടുന്നതിന് ഒരു കണക്കുണ്ട്. അതു തെറ്റിയാല്‍ തംബുരുവില്‍നിന്ന് അപശബ്ദമുണ്ടാകും. ചിലപ്പോള്‍ കമ്പി പൊട്ടിപ്പോവും. ഈയിടെ സുഹൃത്ത് ഒരനുഭവം പറഞ്ഞു. പച്ചക്കറി വാങ്ങാനായി സോപ്പുവെള്ളവുമായി ചെന്ന ഗൃഹനാഥനെക്കുറിച്ച്. സോപ്പുവെള്ളത്തില്‍ കഴുകിയെടുത്താണ് പച്ചക്കറി വീട്ടിലേക്കു കൊണ്ടുപോയത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. പച്ചക്കറിക്കടയില്‍നിന്ന് ബാക്കി കൊടുത്ത കറന്‍സി നോട്ടില്‍ സാനിറ്റൈസര്‍ പുരട്ടുന്ന ഒരാളെ ഞാനും കണ്ടു. കറന്‍സിയിലൂടെ കൊവിഡ് ബാധിക്കുമെങ്കില്‍ മുഴുവന്‍ വീടുകളിലും രോഗം എത്തിയിരിക്കും. അപൂര്‍വതകള്‍ ഉണ്ടാകാം. അങ്ങനെയൊക്കെ പേടിച്ചാല്‍ ജീവിക്കാന്‍ തന്നെ പറ്റാതാവും.
രോഗവ്യാപനത്തിന്റെ തോത് കൂടുന്നുവെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ യഥാര്‍ഥ ദിശയിലേയ്ക്ക് തിരിഞ്ഞത് ഇപ്പോഴാണ്. നോട്ടുനിരോധനം പോലെ വലിയ മണ്ടത്തരമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍. രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അത്തരം സ്ഥലങ്ങളില്‍പോലും തീവ്രജാഗ്രത പുലര്‍ത്തി കടകമ്പോളങ്ങള്‍ പ്രവര്‍ത്തിക്കുകയും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ തിരിച്ചുപിടിക്കുകയും വേണം. ജനജീവിതം എത്രയും പെട്ടെന്ന് സാധാരണ ഗതിയിലേക്കു കൊണ്ടുവരണം. പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ കൊവിഡിനുമേല്‍ വിജയം നേടാമെന്നതിന്റെ തെളിവാണ് ധാരാവി.
ഈ രോഗത്തെ സംബന്ധിച്ച് അനാവശ്യ ഭീതി പടര്‍ത്തി കൊവിഡ് ബാധിച്ചാല്‍ ജീവിതത്തിന്റെ അവസാനമാണ് എന്ന പ്രതീതി സൃഷ്ടിച്ചു. ആ ഭീതിയുടെ പ്രത്യാഘാതമാണ് രോഗികള്‍ നേരിടുന്ന വെറുപ്പും ബഹിഷ്‌കരണവും. ഇതിനിടെ ആത്മഹത്യകളും പെരുകി. കൊവിഡ് കാലത്തെ മരണങ്ങളൊക്കെ അതിന്റെ കണക്കില്‍പെടുത്താനുള്ള മാധ്യമങ്ങളുടെ ധൃതിയും കുറ്റകരമല്ലേ? കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. വൈറസ് മൂലം രോഗിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കണം. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ സയന്‍സിനു സാധിച്ചാല്‍ വാക്‌സിന്റെ ആവശ്യംപോലും വരുന്നില്ല. ഇപ്പോള്‍ ഉണ്ടാക്കുന്ന ഈ ഭീതി ഭാവിയില്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കു വലിയ വിപണിയൊരുക്കും. കൊവിഡ് വാക്‌സിനും നമ്മുടെ ജീവിതത്തിന്റെ ഭാഗമാവും.
കൊവിഡിനെ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തി ഭരണകൂടം അവരുടെ താല്‍പര്യങ്ങള്‍ ഭംഗിയായി നടപ്പാക്കുന്നു. പക്ഷേ, ഈ പേടി സമൂഹമനസിനേല്‍പ്പിച്ച പരുക്കിനെക്കുറിച്ച് ആലോചിച്ചുവോ? കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതശരീരം സംസ്‌കരിക്കുന്നത് ജനങ്ങള്‍ തടസപ്പെടുത്തുന്നുവെന്ന് കോട്ടയത്തുനിന്ന് ഒരു വാര്‍ത്ത. ആത്മഹത്യ ചെയ്ത രോഗിയുടെ മൃതശരീരം അഴുകി മണക്കാന്‍ തുടങ്ങിയപ്പോഴാണ് ഭാര്യയും മക്കളും പോലും അറിയുന്നതെന്ന് മറ്റൊരു വാര്‍ത്ത. പല തരത്തില്‍പ്പെട്ട ബഹിഷ്‌കരണവും കൊവിഡ് രോഗികളും നിരീക്ഷണത്തിലിരിക്കുന്നവരും നേരിടുന്നു. വിദ്യാസമ്പന്നരില്‍പോലും ഈ രോഗത്തെച്ചൊല്ലിയുള്ള അന്ധവിശ്വാസം പെരുകുന്നു. ഇങ്ങനെയൊരു പൊതുബോധം സൃഷ്ടിച്ചതില്‍ ഭരണകൂടത്തിനും ആരോഗ്യവിദഗ്ധര്‍ക്കും പങ്കുണ്ട്. തുടക്കത്തില്‍ ജനങ്ങളില്‍ ജാഗ്രത ഉണ്ടാക്കാന്‍ ഭീതിപടര്‍ത്തുന്ന പ്രചാരണങ്ങള്‍ സഹായിച്ചിരിക്കാം. എന്നാല്‍ ഇപ്പോഴത് വിപരീതഫലം സൃഷ്ടിക്കുന്നു. ഭ്രാന്തന്‍ പ്രതികരണങ്ങള്‍ എല്ലായിടത്തും പ്രകടമാവുന്നു. കൊവിഡിനെ സംബന്ധിച്ച പൊതുബോധം വികലമായി മാറുന്നു.
പകര്‍ച്ചപ്പനി ബാധിച്ച് ഓരോ വര്‍ഷവും ആളുകള്‍ മരിക്കുന്നില്ലേ? അത്രയും മരണം കൊവിഡിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടായോ? കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തനത്തിന്റെ മേന്മയും സര്‍ക്കാര്‍ ഇടപെടലും മരണനിരക്ക് ക്രമാതീതമായി കുറയ്ക്കാന്‍ കാരണമായില്ലേ? ഇതൊരു പ്രതീക്ഷയല്ലേ? കൊവിഡ് ഉണ്ടാക്കിയ ഗുണവശങ്ങളുമില്ലേ? ആളുകള്‍ക്ക് ശരീര ശുചിത്വബോധമെങ്കിലും വര്‍ധിച്ചില്ലേ? കൃഷിയോടുള്ള ആഭിമുഖ്യം കൂടിയില്ലേ? ധൂര്‍ത്ത് ഒഴിവാക്കാന്‍ പഠിച്ചില്ലേ? ജീവിതശൈലീരോഗങ്ങളില്‍ ക്രമാതീതമായ കുറവുണ്ടായില്ലേ? എന്തിനും ഏതിനും ആശുപത്രികളിലേക്ക് ഓടിച്ചെല്ലുന്ന മനോഭാവം മാറിയില്ലേ? ആക്‌സിഡന്റ് കൊണ്ടും മറ്റു രോഗങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന മരണം കുറഞ്ഞില്ലേ? ഇതൊക്കെ പോസിറ്റീവ് വശമല്ലേ?
ജാഗ്രത നന്നായിട്ട് വേണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരിനോട് ജനങ്ങള്‍ സഹകരിക്കണം. എന്നാല്‍ അനാവശ്യ ഭീതിയും സമ്മര്‍ദവും ഇല്ലാതാക്കാനാണ് ഇനി മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. കൊവിഡ് എന്നാല്‍ മരണത്തിന്റെ പര്യായമല്ല. കൊവിഡ് രോഗിയോട് ഇടപഴകിയാല്‍ പോലും രോഗം ബാധിക്കണമെന്നുമില്ലെന്ന തിരിച്ചറിവാണു വേണ്ടത്. അമിതജാഗ്രത രോഗികളെ വെറുക്കാനും ബഹിഷ്‌കരിക്കാനും കാരണമാവുന്നത് ഒരശ്ലീലമല്ലേ? ഇത്തരം മനോവ്യാപാരങ്ങളുടെ അതിവേഗമുള്ള പടരലാണ് കൊവിഡ് സമൂഹവ്യാപനത്തേക്കാള്‍ ഭയാനകം. ഇത് അനാവശ്യമായി നമ്മള്‍ പ്രചരിപ്പിച്ച ഭീതിയുടെ പ്രതിഫലനമാണ്. സുഗതകുമാരി ടീച്ചര്‍ ഒരു കവിതയില്‍ കുറിച്ചപോലെ, 'മുറിച്ചുമാറ്റാം കേടുബാധിച്ചൊരവയവം, പക്ഷേ കൊടുംകേട് ബാധിച്ച പാവം മനസോ?' പൊതുബോധമുണ്ടാക്കുന്ന മാനസിക വ്യതിയാനത്തിനുള്ള ചികിത്സ എത്രയും വേഗം തുടങ്ങിയേ മതിയാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."