ഫത്താഹിന്റെ വീഡിയോയില്‍ വീണ് മുഖ്യമന്ത്രി: കുമാരസ്വാമി 19നു കുടകില്‍
മടിക്കേരി: ദിവസങ്ങളായി തിമിര്‍ത്തു പെയ്യുന്ന പേമാരിയിലും ചുഴലിക്കാറ്റിലും നാശങ്ങള്‍ വിതച്ച കുടകിന്റെ ദയനീയത വിവരിച്ച കളേറ അബ്ദുല്‍ ഫത്താഹിന്റെ വീഡിയോ വൈറലാകുന്നു. എരുമാട് സര്‍ക്കാര്‍ സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയും കളേറ ഉമറിന്റെ മകനുമാണ് അബ്ദുല്‍ ഫത്താഹ്. കുടകിനെ മുഖ്യമന്തി അവഗണിക്കരുത്, കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ ജില്ലയെ തഴഞ്ഞു, മൈസൂരു, മാണ്ഡ്യ മേഖലകളിലേക്ക് ആവശ്യമായ മുഴുവന്‍ വെള്ളവും ലഭ്യമാവുന്നതു കാവേരി നദിയില്‍ നിന്നാണ് എന്നാല്‍ കാവേരിയുടെ ഉത്ഭവമായ കുടകിനെ പരിഗണിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണു ഫത്താഹ് വീഡിയോയിലൂടെ ചൂണ്ടിക്കാട്ടിയത്.
മഴയില്‍ ലക്ഷങ്ങളുടെ കൃഷിനാശം സംഭവിക്കുകയും വീടുകള്‍ തകരുകയും ആനശല്യം കൊണ്ട് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആളുകള്‍ പൊറുതിമുട്ടിയിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയിട്ടില്ലെന്നതടക്കമുള്ള 10 മിനിറ്റ് നീളുന്നതാണു വിദ്യാര്‍ഥിയുടെ വീഡിയോ ക്ലിപ്പ്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കന്നഡ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതോടെ വിഷയം മുഖ്യമന്ത്രി കുമാരസ്വാമിയുടെ ശ്രദ്ധയിലുമെത്തി. വീഡിയോ കണ്ട മുഖ്യമന്ത്രി 19നു കുടക് സന്ദര്‍ശിക്കുമെന്നു അറിയിച്ചു.
കരകവിഞ്ഞൊഴുകുന്ന എരുമാട് കാവേരി പുഴയുടെ തീരത്ത് കുടചൂടി നിന്നാണു ഫത്താഹ് വാചാലനായത്.
ആയിരക്കണക്കിനു പേരാണു ഫത്താഹിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."