ഗാന്ധിയുടെയും ഗോഡ്സെയുടെയും പാര്‍ട്ടികള്‍ തമ്മിലുള്ള അകലം കുറഞ്ഞു: ബിനോയ് വിശ്വം
കല്‍പ്പറ്റ: കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയതായും 1991 ലെ ബേപ്പൂര്‍ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതായും സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ പാര്‍ട്ടിക്ക് ഗോഡ്‌സെയുടെ പാര്‍ട്ടിയുമായുള്ള അകലം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രെസ് ക്ലബിന്റെ മീറ്റ് ദി പ്രെസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രചാരണമാണ് കേരളത്തില്‍ മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയത്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടാന്‍ ആശയപരമായും രാഷ്ട്രീയമായും സുനീര്‍ ശക്തനാണ്. വയനാട് മണ്ഡലത്തില്‍ ഇന്നലെ ഒരു ലക്ഷം വളണ്ടിയര്‍മാരാണ് ക്യാംപയിന്‍ നടത്തിയത്. ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രചാരണം എത്തി. രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുമുന്നണിക്കെതിരേ സ്ഥാനാര്‍ഥിയായത്. ഇന്ത്യന്‍ രാഷ്ട്രീയ മൂല്യം തിരിച്ചറിയാതെയാണ്. ബി.ജെ.പി വെറും രാഷ്ട്രീയ പാര്‍ട്ടിയല്ല.
ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രം തുടരുന്ന പാര്‍ട്ടിയാണ്, ഫാസിസ്റ്റുമാണ്. ഇവരിലേക്ക് ഭരണം പോകരുത്. കോണ്‍ഗ്രസിനിപ്പോഴും അറിയില്ല ഇന്ത്യയിലെ പ്രധാന ശത്രു ആരാണെന്ന്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ തങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയല്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചു. കോണ്‍ഗ്രസുകാര്‍ വീണ്ടും നെഹ്‌റുവിനെ പഠിക്കണം. അവര്‍ക്കപ്പോള്‍ മനസിലാകും ഇടതല്ല ആര്‍.എസ്.എസ് ആണ് ശത്രുവെന്ന്. കേരളത്തില്‍ ബി.ജെ.പി മുഖ്യപാര്‍ട്ടിയല്ല. ഇവിടെ രാഹുലിനെ കോണ്‍ഗ്രസ് കെണിയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഇടതു വിരുദ്ധ പ്ലാറ്റ്‌ഫോമില്‍ സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. കമ്പോള ശക്തികളാണ് സര്‍വേ നടത്തുന്നത്. എല്‍ഡിഎഫിനെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇടതിന്റെ രാഷ്ട്രീയത്തെ ഭയപ്പെടുന്നവരാണ് ഇതിന് പിന്നില്‍. ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്താണ് കാര്യമെന്നാണ് ചിലര്‍ ചോദിക്കുന്നത്. ജയിച്ചു പോവുന്ന ഓരോ എംപിമാരും ബി.ജെ.പിയെ തടയാന്‍ കരിമ്പാറ പോലെ പാര്‍ലിമെന്റില്‍ ഉണ്ടാകും. മിക്കവാറും ഇത്തവണ കൂട്ടു പാര്‍ലിമെന്റായിരിക്കും ഉണ്ടാവുക. ബി.ജെ.പി എംപിമാര്‍ക്ക് വില പറയുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസ്സ് വിടില്ലെന്ന് പറയുന്ന എത്ര എംപിമാരുണ്ടാകും. ഒറ്റയാള്‍ പോലും ഉണ്ടാകില്ല. ഈ ഭൂമുഖത്തെ മുഴുവന്‍ സ്വത്തും വെച്ചാലും ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും തള്ളിക്കളയാന്‍ ഒറ്റ ഇടതുപക്ഷ എംപിമാരെയും കിട്ടില്ല. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസ് അല്ല ഇടതുപക്ഷമാണ് ജയിക്കേണ്ടതെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു. എം കമല്‍ സ്വാഗതവും ടിഎം ജെയിംസ് നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും ബിനോയ് വിശ്വത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."