ക്വാറി മാഫിയക്ക് കുടിവെള്ളം മറിച്ചുവിറ്റ സംഭവം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും
മുക്കം: ക്വാറി മാഫിയക്ക് കുടിവെള്ളം മറിച്ചു വിറ്റ വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ക്വാറികളിലേക്ക് കാരശ്ശേരി പഞ്ചായത്തിന്റെ ഒത്താശയോടെ ജലം മറിച്ചു വില്ക്കുന്നുവെന്ന് ഒരു സ്വകാര്യചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രതിപക്ഷമായ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
എന്നാല്‍ ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിച്ചു കൊണ്ട് പഞ്ചായത്ത് ഭരണപക്ഷം പത്ര സമ്മേളനം നടത്തുകയും കോണ്‍ഗ്രസ് അംഗമായ എന്‍.കെ അന്‍വറും യു.ഡി.എഫും ഒത്തുകളിച്ചാണ് ജല ചൂഷണം നടത്തുന്നതെന്നും യു.ഡി.എഫ് മാര്‍ച്ച് നടത്തേണ്ടത് സ്വന്തം മുന്നണി അംഗമായ എന്‍.കെ അന്‍വറിന്റെ വീട്ടിലേക്കാണെന്നും മറു ആരോപണ മുന്നയിക്കുകയുമായിരുന്നു.
തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ വാദങ്ങള്‍ തികച്ചും നിരര്‍ഥകമാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദിനെതിരേ മാനഷ്ട കേസ് കൊടുക്കുമെന്നും ഇതിനെ തുടര്‍ന്ന് എന്‍.കെ അന്‍വര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയിലടക്കം ഇരുപക്ഷത്തേയും പഞ്ചായത്തംഗങ്ങളുടെ പരസ്യമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്.
എന്നാല്‍ ക്വാറി മാഫിയയുമായുള്ള അനധികൃത ബന്ധത്തിന്റെ വ്യക്തമായ തെളിവാണ് ചാനലിലെ വാര്‍ത്തയെന്നും അതിന്റെ ജാള്യത മറക്കാനാണ് പഞ്ചായത്തംഗത്തിനെതിരേ ആരോപണ മുന്നയിച്ചതെന്നും യു.ഡി.എഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."