കുട്ടിയുടെ മരണം നാണയം വിഴുങ്ങിയതിനാലല്ലെന്ന് പ്രാഥമിക നിഗമനം
വന്‍കുടലില്‍നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തി
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ വന്‍കുടലില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഒരു രൂപയുടെയും അന്‍പത് പൈസയുടേയും നാണയങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മരണം സംഭവിച്ചത് കുട്ടി നാണയം വിഴുങ്ങിയതിനെ തുടര്‍ന്നല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ഇതു സംബന്ധിച്ച് വ്യക്തതവരുത്താന്‍ രാസപരിശോധനാഫലം ലഭിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നാണയങ്ങള്‍ വന്‍കുടലിന്റെ അറ്റത്ത് എത്തിയതിനാലാണ് മരണം നാണയം വിഴുങ്ങിയതിനെ തുടര്‍ന്നല്ലെന്ന നിഗമനത്തിലെത്തിയത്. നാണയങ്ങള്‍ ശ്വാസകോശത്തില്‍ തങ്ങിയിരുന്നെങ്കില്‍ ഇതുമൂലം മരണം സംഭവിച്ചേക്കാം. എന്നാല്‍ നാണയങ്ങള്‍ ശ്വാസകോശത്തില്‍ കടക്കാതെ ആമാശയവും ചെറുകുടലും കടന്ന് വന്‍കുടലിന്റെ അവസാന അറ്റത്ത് എത്തിയിരുന്നു. അല്‍പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇത് മലാശയത്തിലൂടെ പുറത്തേക്ക് വരുമായിരുന്നു. നാണയങ്ങള്‍ കടന്നുപോയ ആമാശയത്തിനോ കുടലുകള്‍ക്കോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏകമകനായ പൃഥ്വിരാജ് ഞായറാഴ്ചയാണ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന പരാതി ഉയര്‍ന്നിരുന്നു.
കുട്ടിയുടെ മൃതദേഹം അമ്മയുടെ സ്വദേശമായ കൊല്ലം പൂതക്കുളത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വൈകിട്ട് മൂന്നോടെയാണ് മൃതദേഹം പരവൂരില്‍ എത്തിച്ചത്. കുട്ടിയുടെ അമ്മയും അടുത്ത ബന്ധുക്കളും മൃതദേഹത്തിനൊപ്പം പരവൂരില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."