ഡി. ബാബുപോള്‍; നാടിന്റെ സ്വന്തം ഇടയന്‍
പെരുമ്പാവൂര്‍: വര്‍ഷങ്ങളോളം തലസ്ഥാനത്ത് ഔദ്യോഗിക ജീവിതം നയിച്ച ഡോ. ഡി. ബാബുപോള്‍ ജന്‍മനാടായ കുറുപ്പംപടിയില്‍ അന്ത്യവിശ്രമത്തിനെത്തിയപ്പോള്‍ നാട് നിറഞ്ഞ മനസ്സുകൊണ്ടാണ് ആ മഹത് വ്യക്തിത്വത്തെ എതിരേറ്റത്. ജന്മനാട്ടിലെ പ്രധാന പൊതുപരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 20 കൊല്ലങ്ങള്‍ക്കു മുമ്പ് ജനിച്ചു വളര്‍ന്ന തറവാട് വീട് വിറ്റുപോയെങ്കിലും അദ്ദേഹം എക്കാലവും കറുപ്പംപടിക്കാരനായി അറിയപ്പെട്ടു.
പത്താം ക്ലാസ്സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടി വിജയിച്ചപ്പോള്‍, അദ്ദേഹത്തെ സെമിനാരിയില്‍ വിട്ട് പഠിപ്പിക്കാന്‍, ക്രൈസ്തവ പാതിരിമാര്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ദൈവഹിതം മറ്റൊന്നായിരുന്നു. നല്ല ഭരണാധികാരി, പ്രഭാഷകന്‍, പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിത്തീര്‍ന്ന അദ്ദേഹം ക്രൈസ്തവ സഭയുടെ നിഘണ്ടു എന്നറിയപ്പെടുന്ന വേദശ ശബ്ദ രത്‌നാകരം എന്ന പുസ്തകത്തിന്റെ രചയിതാവായി. സംസ്‌കൃതം, സുറിയാനി ഭാഷകള്‍ പഠിച്ചു. ഹിന്ദു ഫിലോസഫിയും ക്രൈസ്തവ സഭാ തത്വങ്ങളും സമ്മേളിച്ച മറ്റൊരു വ്യക്തിത്വവും കേരളം ഇതുവരെ കണ്ടെത്തിയില്ല എന്നതും ബാബു പോളിന്റെ യശസ്സ് ഉയര്‍ത്തി. അദ്ദേഹത്തിന്റെ പിതാവും കുറുപ്പംപടി എം.ജി എം സ്‌കൂള്‍ ഹെഡ്മാസ്റ്റരുമായിരുന്ന പൗലോസ് ചീരത്തോട്ടം കോറെപ്പിസ്‌കോപ്പ ധനസമ്പാദനത്തില്‍ ശ്രദ്ധ ചെലുത്തിയില്ല. സ്ഥലം വാങ്ങാന്‍ സമീപിച്ച ചിലരോട് ആ പണം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതാണ് ഉചിതമെന്ന് പിതാവ് മറുപടി നല്‍കിയെന്ന് ബാബു പോള്‍ ആത്മകഥയില്‍ വിവരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."